ബെംഗളൂരു: ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ വക ഉച്ചത്തിൽ പാട്ടുവച്ച് നഗരത്തിൽ ആഘോഷ പ്രകടനം. ഹാവേരിയിലെ അക്കി ആലൂർ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലെ റോഡുകളിൽ നടന്ന ആഘോഷത്തിൽ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങൾ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം.
16 മാസം മുൻപ് കർണാടകയിലെ ഹാവേരിയിലെ ഹോട്ടലിൽ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറിയാണ് നിരവധി പുരുഷന്മാർ സ്ത്രീയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇവരിൽ ഏഴു പേർക്കാണ് ഹാവേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ പന്ത്രണ്ട് പേരെ 10 മാസം മുൻപ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേർക്കാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, കോടതിയിൽ നടന്ന നടപടിക്രമങ്ങൾക്കിടെ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇതാണ് പ്രോസിക്യൂഷൻ വാദം ദുർബലമാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാവുകയും ചെയ്തത്.