രാഹുൽ ഗാന്ധിയുടെ ആദ്യ രണ്ട് വോട്ട് ചോരി വെളിപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തോട് പറഞ്ഞത് ഇത് കേവലം ആറ്റം ബോംബുകളാണ്, ഇതിനേക്കാൾ ഉഗ്രശേഷിയുള്ള ഒരു ഹൈഡ്രജൻ ബോംബ് തന്റെ പക്കലുണ്ട് എന്നായിരുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ രാഹുലിന്റെ ആ എച്ച് – ബോംബ് അഥവാ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലിൽ ഇന്ത്യ മുഴുവൻ ഞെട്ടിയിരിക്കുകയാണ്.
2 കോടി വോട്ടർമാരുടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്തു എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയ, എന്നെയും, നിങ്ങളെയും ഈ രാജ്യത്തിൻറെ ഭാവിയെയും തന്നെ ബാധിക്കുന്ന മൂന്നാം വോട്ട് ചോരി നമുക്ക് വിശദമായി തന്നെ പരിശോധിക്കാം. രാഹുൽ പറഞ്ഞത് എന്ത്? ജനാധിപത്യ ഇന്ത്യ സഞ്ചരിക്കുന്നത് എങ്ങോട്ടേക്ക്?
> എന്തുകൊണ്ട് ഹരിയാന?
ഒട്ടനവധി സംസ്ഥാന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നിട്ടുണ്ട് എന്നിരിക്കെ എന്തുകൊണ്ടാണ് ഹരിയാന തിരഞ്ഞെടുപ്പിനെ കോൺഗ്രസ് സൂക്ഷമായി നിരീക്ഷിക്കാനും, പഠിക്കാനും തീരുമാനിച്ചത് എന്നതാണ് നമ്മുടെ മുന്നിലെ ആദ്യം ചോദ്യം. അതിനുള്ള ഉത്തരം ഹരിയാനയിൽ കോൺഗ്രസിന് മാധ്യമങ്ങളും രാഷ്ട്രീയ പണ്ഡിതരും ഒരുപോലെ പ്രവചിച്ചിരുന്ന മഹാവിജയം തന്നെയാണ്. ഇന്ത്യ ടുഡേ സി വോട്ടർ, ന്യൂസ് 24 ഉൾപ്പടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഹരിയാന എക്സിറ്റ് പോളിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷമായിരുന്നു പ്രവചിക്കപ്പെട്ടത്. പല എക്സിറ്റ് പോൾ സർവേകളും ബിജെപിയിക്കാൾ മൂന്നിരട്ടിയോളം സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ഇടത്തുനിന്നാണ് കോൺഗ്രസ് പരാജയം നേരിടുന്നത്.
ഹരിയാനയിലെ പോസ്റ്റൽ ബാലറ്റുകൾ എണ്ണി കഴിഞ്ഞപ്പോൾ കോൺഗ്രസ് 73 സീറ്റിലും, ബിജെപി 17 സീറ്റുമായിരുന്നു ലീഡ് ചെയ്തിരുന്നത്. ഹരിയാന നിയമസഭയുടെ ചരിതത്തിൽ ആദ്യമായിയാണ് പോസ്റ്റ് ബാലറ്റ് ഫലത്തിന് വിപരീതമായ രീതിയിൽ തിരഞ്ഞെടുപ്പ് ഫലം വന്നത് എന്ന വസ്തുതയും നാം ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എക്‌സിൽ പോളുകളിൽ വലിയ ഭൂരിപക്ഷത്തിൽ വിജയം പ്രവചിക്കപ്പെട്ട, പോസ്റ്റൽ ബാലറ്റുകളിൽ മഹാഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് തിരഞ്ഞെടുപ്പ് തോറ്റത് എന്ന നിഗൂഢത നിറഞ്ഞ ചോദ്യമാണ് കോൺഗ്രസിനെ ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തെ സൂക്ഷമായി പരിശോധിപ്പിക്കാൻ പ്രേരിപ്പിച്ചത്.
> ‘സർക്കാരി ചോരി’
ഹരിയാനയിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന മഹാവിജയത്തെ അട്ടിമറിച്ച ബിജെപി പ്ലാനിനെ ‘സർക്കാരി ചോരി’ എന്നാണ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. ഇന്ത്യയിയുടെയും ഇവിടുത്തെ യുവാക്കളുടെയും ഭാവിയാണ് ഇവിടെ മോഷ്ടിക്കപ്പെടുന്നത് എന്ന് ജെൻസിയോട് വ്യക്തമാകുന്ന രാഹുൽ ഗാന്ധി ഇവിടെ താൻ പറയുന്ന ഓരോ വാചകങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതാണ് എന്ന് പത്രസമ്മേളത്തിനിടെ പല തവണ വ്യക്തമാക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് വലിയ ഭൂരിപക്ഷം പ്രവചിച്ചിട്ടുള്ളപ്പോൾ, തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഹരിയാന മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തെയും അതിലെ പരാമർശങ്ങളെയും രാഹുൽ ഗാന്ധി രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ‘ഞങ്ങൾ സർക്കാർ ഉണ്ടാക്കും, ഞങ്ങളുടെ പക്കൽ വ്യവസ്ഥയുണ്ട്’ എന്ന് പറയുന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് എന്താണ് ആ ‘വ്യവസ്ഥ’ എന്ന് ചോദിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി എച്ച് ബോംബിലേക്ക് കടക്കുന്നത്.
> കോൺഗ്രസിന്റെ തോൽവി
ഹരിയാനയിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി മനസിലാക്കണം എങ്കിൽ ഹരിയാനയിലെ കോൺഗ്രസിന്റെ തോൽവിയുടെ വ്യാപ്തി നാം മനസിലാക്കേണ്ടതുണ്ട്. കേവലം 22,779 വോട്ടുകൾക്കാണ് കോൺഗ്രസിന് സംസ്ഥാന ഭരണം നഷ്ടമായത്. അതായത് കോൺഗ്രസ് ഏറ്റവും കുറവ് വോട്ടുകളിൽ പരാജയപ്പെട്ട 8 മണ്ഡലങ്ങൾ എടുത്താൽ ഈ 8 മണ്ഡലങ്ങളിലും കോൺഗ്രസ് – ബിജെപി വോട്ട് വ്യത്യാസം കേവലം 22,779 വോട്ടുകൾ മാത്രമാണ്. ബിജെപി 48 ഉം, കോൺഗ്രസ് 37 സീറ്റുകൾ നേടിയ ഹരിയാന തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം ഒരു ലക്ഷത്തിപതിനെണ്ണായിരം മാത്രമാണ്. മുകളിൽ വ്യതമാക്കിയത് പോലെ ഇതിൽ 8 മണ്ഡലങ്ങളിലായി 23,000 വോട്ട് അധികം നേടിയിരുന്നു എങ്കിൽ ഹരിയാന ഇന്ന് കോൺഗ്രസ് ഭരിക്കുമായിരുന്നു.
ഇത് എളുപ്പം മനസിലാക്കാൻ ഒരു ഉദാഹരത്തിലൂടെ പറഞ്ഞാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷത്തിന്റെ രണ്ടിൽ മൂന്ന് വോട്ടുകൾ ഉണ്ടായിരുന്നു എങ്കിൽ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ഫലം തന്നെ മറ്റൊന്നായേനേ എന്നാണ് ഈ കണക്കുകൾ നമ്മോട് സംസാരിക്കുന്നത്.
> ബ്രസീലിയൻ മോഡലും ഹരിയാനയും!
സീമ, സരസ്വതി, ഗീത, സ്വീറ്റി, സുനിത ഇങ്ങനെ പല പേരുകളിലായി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ 10 ബൂത്തുകളിലായി 22 തവണ പ്രത്യക്ഷപ്പെട്ട സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ച ശേഷം ഇവർ ആരാണ് എന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിക്കുന്നു, മാധ്യമങ്ങൾക്ക് ഉത്തരം ഇല്ലാത്തതിനാൽ രാഹുൽ തന്നെ ഉത്തരം നൽകി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ പല പേരുകളിൽ 10 ബൂത്തുകളിലായി 22 തവണ പ്രത്യക്ഷപ്പെട്ട ആ സ്ത്രീ ഹരിയാനക്കാരി അല്ല എന്നുമാത്രമല്ല അവർ ഇന്ത്യക്കാരി കൂടിയുമല്ല. മാത്യുസ് ഫെറോറ എന്ന ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് കൊണ്ട് 22 തവണ ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചേർത്തു എന്ന വാർത്തയെ നാം ഭീതിയോടെ തന്നെ നോക്കി കാണണം. കേന്ദ്രീകൃതമായ ഓപ്പറേഷനിലൂടെയാണ് വോട്ട് മോഷണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ വ്യാജ വോട്ടുകൾ.
> ആ ഭയപ്പെടുത്തുന്ന കണക്ക്!
രാഹുൽ ഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഹരിയാന തിരഞ്ഞെടുപ്പ് വോട്ട് മോഷണം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ആകെ 2 കോടി വോട്ടർമാരുള്ള ബീഹാറിൽ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്യപ്പെട്ടു എന്നാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തുന്നത്. അതായത് പോൾ ചെയ്യപ്പെടുന്ന ഓരോ എട്ട് വോട്ടുകളിലും ഒരു വോട്ട് വീതം മോഷ്ടിക്കപ്പെടുന്ന എന്ന് സാരം. വോട്ടർ പട്ടികൾ 22 തവണ പ്രത്യക്ഷപ്പെട്ട ബ്രസീലിയൻ മോഡൽ ഈ തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ഒരു ഉദാഹരണം മാത്രമാണ്. 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, 93,174 വ്യാജ അഡ്ഡ്രസുകൾ, 19,26,351 ബൽക്ക് വോട്ടർമാർ ഇത്തരത്തിൽ 25,41,144 വോട്ടുകളാണ് ഹരിയാനയിൽ മോഷണം ചെയ്യപ്പെട്ടിട്ടുള്ളത്. മുൻപ് നടത്തിയ വോട്ട് ചോരി പത്രസമ്മേളനങ്ങളിലൂടെ എങ്ങനെയാണ് വോട്ട് ചേർക്കാനുള്ള ഫോം 6 ഉം ഫോം 7 ഉം ദുരുപയോഗം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് കൊണ്ടു തന്നെ ഫോം 6 ഉം ഫോം 7 ഉം സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല. ആ വിവരങ്ങൾ കൂടി ലഭിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്യപ്പെട്ടു എന്നുള്ളത് 32 ലക്ഷമോ 35 ലക്ഷമോ ഒക്കെ ആയേനെ. നിലവിൽ സംസാരിക്കുന്ന ഈ 25 ലക്ഷം വോട്ടുകൾ തങ്ങളുടെ പക്കൽ തെളിവുകൾ ഉള്ളവയാണ് എന്നും ഡാറ്റ ഇല്ലാത്തവയെ പറ്റി ഇപ്പോൾ സംസാരിക്കുന്നില്ല എന്നും രാഹുൽ കൂട്ടിച്ചേർക്കുന്നുണ്ട്.
കേവലം 23000 ൽ താഴെ വോട്ടുകൾക്ക് കോൺഗ്രസിന് ഭരണം നഷ്‌ടമായ സംസ്ഥാനത്ത് മോഷണം ചെയ്യപ്പെട്ടത് 25 ലക്ഷം വോട്ടുകളാണ്. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് സംബന്ധിച്ച ഭയാനമായ വിവരങ്ങളാണ് രാഹുൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് എന്ന് നിസംശയം പറയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരറുക്കപ്പെടുന്നു എന്നാണ് രാഹുൽ ഗാന്ധി പുറത്തുവിട്ട കണക്കുകൾ നമ്മോട് സംസാരിക്കുന്നത്.
> വോട്ടു മോഷണം എങ്ങനെ?
എങ്ങനെയാണ് ഈ വോട്ടുവോഷങ്ങൾ നടന്നത്? അതിനുള്ള തെളിവുകൾ എന്താണ്? തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നത് എന്തുകൊണ്ട്? തിരഞ്ഞെടുപ്പിന് മുൻപ് എന്തുകൊണ്ട് ഈ വിവരങ്ങൾ കണ്ടെത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല? തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കുള്ള മറുപടി നമുക്ക് രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്യാം………

















































