പൂനൈ: അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിനു ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി. ഫൈനലിനു ശേഷം നടന്ന വിജയാഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള ആരോപണം.
അഭിഭാഷകനായ വാജിദ് ഖാൻ ആണ് ഹാർദിക് പാണ്ഡ്യക്കെതിരേ പുണെ പോലീസിൽ പരാതി നൽകിയത്. താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷത്തിനിടെ പാണ്ഡ്യ ദേശീയ പതാക ശരീരത്തിൽ ചുറ്റുകയും മൈതാനത്ത് അശ്ലീലമായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ ഈ പ്രവൃത്തി നിയമലംഘനമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ഹാർദിക് തന്റെ കാമുകി മഹൈക ശർമയ്‌ക്കൊപ്പം ദേശീയ പതാക ദേഹത്തിട്ട് പോഡിയത്തിൽ കിടന്നിരുന്നു. ത്രിവർണ്ണ പതാക തോളിലിട്ട് താരം നൃത്തം ചെയ്യുകയും ചെയ്തു. ഇത് ദേശീയ പതാകയോടുള്ള അനാദരവിന് തുല്യമാണെന്നും പരാതിയിൽ ആരോപിക്കുന്നു.















































