മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ കൊണ്ടും കടുകട്ടി വാക്കുകൾ കൊണ്ടും എത്രനാൾ പിടിച്ചുകെട്ടാൻ സർക്കാരിനാകും. മുന്നണിക്കുള്ളിലെ പൊട്ടിത്തെറികളെ എങ്ങനെ പ്രതിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിഎംശ്രീ പദ്ധതിയിൽ കുരുങ്ങി പിണങ്ങിയ സിപിഐയെ അനുനയിപ്പിക്കാൻ ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതിപക്ഷവും ആഞ്ഞടിക്കാൻ തുടങ്ങിയതോടെ സർക്കാരും പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.
പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് സഹയാത്രികൾ പോലുമുണ്ട്. ‘കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിൽ ഉണ്ടാവുന്ന പിഎംശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു എഴുത്തുകാരി സാറ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്. പിഎംശ്രീയുടെ ഭാഗമായതിനെ ന്യായീകരിക്കാൻ എത്തുന്ന ഇടതു നേതാക്കൾ ഇന്നലെകളിൽ അവർ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീയ്ക്കുമെതിരെ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ മറന്നു പോയിരിക്കുന്നു. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എബിവിപി പ്രവർത്തകർ അഭിനന്ദിക്കുന്ന ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം ആഴ്ചകളും, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇടതുപക്ഷ മുന്നണിയിൽ വലിയ പൊട്ടിത്തെറികളാണ് അരങ്ങേറുന്നത്. സിപിഐയുടെ അഭിപ്രായത്തെ പരിഗണിക്കാതെ വിദ്യാഭ്യാസ വകുപ്പ് പിഎംശ്രീയുടെ ഭാഗമായതിനെ സിപിഐ പരസ്യമായി തന്നെ എതിർക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച ബിനോയ് വിശ്വം സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും വലിയ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പിഎംശ്രീയുമായി ബന്ധപ്പെട്ട വാർത്തകൾ പത്രമാധ്യമങ്ങളുടെ മാത്രമാണ് അറിഞ്ഞതെന്നും, സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഇരുട്ടിലാണ് എന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. വാക്കിലും പ്രവർത്തിയിലും മര്യാദയും മാന്യതയും കാണിക്കണമെന്ന് കടുത്ത ഭാഷയിൽ സംസാരിച്ച ബിനോയ് വിശ്വം പിഎംശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു. സിപിഎം പലതരത്തിലുള്ള അനുനയ ശ്രമങ്ങൾക്ക് മുതിരുമ്പോഴും സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതിന് കൂട്ടുനിൽക്കില്ല എന്നതാണ് സിപിഐ നിലപാട്. എബിവിപി ശിവൻകുട്ടിയെ അഭിനന്ദിച്ച വിഷയത്തിലും വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് മുന്നോട്ട് വന്നിട്ടുണ്ട്. എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ് എന്നായിരുന്നു എഐവൈഎഫിന്റെ ഓർമപ്പെടുത്തൽ.
പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായ ഭാഷയിൽ തന്നെ സർക്കാരിനെ കടന്നാക്രമിക്കുന്നുണ്ട്. ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണ് ഈ ഒപ്പിടൽ എന്നും സിപിഐയെക്കാൾ സിപിഎമ്മിന് പ്രിയം ആർഎസ്എസിനോടും ബിജെപിയോടും ആണെന്നുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ സിപിഎമ്മിനെ പോലെ തന്നെ സിപിഐഎയും പ്രതിരോധത്തിൽ ആക്കുകയാണ്. പ്രതിപക്ഷത്തിനൊപ്പം ഇടതുപക്ഷ മുന്നണിയിലെ കക്ഷികൾ കൂടി സർക്കാരിനെതിരെ തിരിയുമ്പോൾ പ്രതിരോധങ്ങൾ ഇല്ലാതെ സിപിഎമ്മും സർക്കാറും പിഎംശ്രീയിൽ നട്ടംതിരിയുകയാണ്. സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാൻ ആണ് പിഎം ശ്രീ ഒപ്പുവച്ചത് എന്ന സിപിഎമ്മിന്റെ ക്യാപ്സ്യൂളിനെ തമിഴ്നാടും, പശ്ചിമബംഗാളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിർവീര്യമാക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎംശ്രീ നടപ്പിലാക്കി എന്നു പറഞ്ഞുകൊണ്ട് പുകമറ സൃഷ്ടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും ആ ന്യായീകരണവും പൊളിഞ്ഞു വീഴുന്ന കാഴ്ച രാഷ്ട്രീയ കേരളം സാക്ഷ്യം വച്ചത്. സിപിഎമ്മിന്റെ ആരോപണത്തിന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിശദീകരണങ്ങൾ നൽകിയതോടെയാണ് സിപിഎമ്മിന്റെ വ്യാജ ആരോപണം പൊളിഞ്ഞത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎംശ്രീ നടപ്പിലാക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, ബിജെപി ഭരിക്കുന്ന കാലയളവിലാണ് പിഎംസി നടപ്പിലാക്കിയതെന്നും അന്ന് അതിനെതിരെ പ്രസ്തുത സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു എന്നുമുള്ള കോൺഗ്രസിന്റെ വിശദീകരണത്തിന് സിപിഎമ്മിന്റെ മറുപടി ഉണ്ടായിരുന്നില്ല.
ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുമെന്നും, പാഠപുസ്തകങ്ങൾ സംഘപരിവാർ വൽക്കരിച്ച് അതിലൂടെ ഭാവി തലമുറയിൽ വിഷം കുത്തിവയ്ക്കും എന്നും പറഞ്ഞുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തെയും പിഎംശ്രീയെയും ശക്തമായ എതിർത്ത സിപിഎം അതെല്ലാം പാടെ മറന്നിരിക്കുകയാണ്. ‘കാലഘട്ടത്തിനനുസരിച്ച് മാറേണ്ടി വരും. ഒരു നയത്തിൽ മാത്രം നിൽക്കാൻ പറ്റില്ല. കാലഘട്ടത്തിൽ വരുന്ന മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. നയം പറഞ്ഞ് പണം നഷ്‌ടപ്പെടുത്താനാകില്ല. ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പം. ഞാൻ എന്റെ അഭിപ്രായം മാറ്റി’ എന്ന് മാധ്യമങ്ങളോട് പറയുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി സിപിഎമ്മിന്റെ കപട നിലപാടുകളെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. അഞ്ചുവർഷം മുമ്പ് ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് വാദിച്ചിരുന്നവർ ഇന്ന് ആ നയത്തിന് എന്താണ് കുഴപ്പം എന്നാണ് ചോദിക്കുന്നത്. ഇത്തരത്തിൽ നിലപാടിൽ മാറ്റം വരുത്താൻ എന്ത് രാഷ്ട്രീയ സാഹചര്യം ആണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കണം. ബിജെപിയുമായി സിപിഎം ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഇത്തരം സമീപനങ്ങളിലൂടെ സിപിഎം തന്നെ ശരി വെച്ച് നൽകുകയാണ്.
സിപിഐ പരസ്യമായി തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർത്തുമ്പോൾ ഇത് ബന്ധപ്പെട്ട് മുന്നണിയിൽ തർക്കം ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഇടതുമുന്നണിയുടെ നയം നടപ്പാക്കാനുള്ള സർക്കാരാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്, മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പരിമിതിയുണ്ട്. കേന്ദ്ര ഫണ്ട് ഒഴിവാക്കാൻ കഴിയില്ല, ഇത് അന്തരാളഘട്ടം എന്നൊക്കെ പറയുന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം. മുന്നണിയുടെ നയവും മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സർക്കാർ എന്ന ചോദ്യത്തിന് കൂടെ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്ന് കരുതുന്നു. സന്ദേശം സിനിമയിലെ കുമാരപിള്ള സാറിനെപ്പോലെ സാമാന്യജനത്തിന് മനസ്സിലാകരുതെന്ന നിർബന്ധ ബുദ്ധിയിൽ എന്തൊക്കെയോ സംസാരിച്ചു എന്നതല്ലാതെ മറ്റൊന്നും എം വി ഗോവിന്ദന്റെ പത്രസമ്മേളനം മുന്നോട്ടുവയ്ക്കുന്നില്ല. ഇന്നലെകളിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഘോരഘോരം മുദ്രാവാക്യങ്ങൾ മുഴക്കിയ എസ്എഫ്ഐ ഇന്ന് മിണ്ടാട്ടം ഇല്ലാതെ മൗനത്തിലാണ്. ഇടതുപക്ഷം എന്നത് നിലപാടുകൾ ഇല്ലാത്ത കപടപക്ഷം മാത്രമാണ് എന്ന പ്രതിപക്ഷത്തിന്റെ പരിഹാസങ്ങളെ മൗനമായി കേട്ടുനിൽക്കാൻ മാത്രമേ സിപിഎമ്മിന് കഴിയുകയുള്ളൂ.
പിഎംശ്രീ എന്തുകൊണ്ടാണ് എതിർക്കപ്പെടേണ്ടത്, എങ്ങനെയാണ് ദേശീയ വിദ്യാഭ്യാസ നയം കാവിവൽക്കരണത്തിന് വഴിവയ്ക്കുന്നത് തുടങ്ങി ഇതു സംബന്ധിച്ച എല്ലാ വിഷയത്തിലും സിപിഎമ്മും ഇടതു സംഘടനകളും മുൻകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിലപാടുകളും ലേഖനങ്ങളും തന്നെയാണ് പ്രതിപക്ഷം പ്രധാനമായും ആയുധമാക്കുന്നത്. സംഘപരിവാർ അജണ്ടയെ എതിർക്കുന്ന ഇടതു ബദലാണ് തങ്ങൾ എന്നു പറഞ്ഞുകൊണ്ട് പിഎംശ്രീയെ എതിർക്കുന്ന ഇടതു നേതാക്കളുടെ പഴയ വീഡിയോകൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു. സിപിഎം ഈ വിഷയത്തിൽ എങ്ങനെയൊക്കെ ന്യായീകരണങ്ങൾ തീർക്കാൻ നോക്കിയാലും കഴിഞ്ഞ കാലങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീക്കുമെതിരെ സിപിഎം കൈകൊണ്ട് നിലപാടുകൾ തന്നെഅവർക്ക് തിരിച്ചടിയാകും.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം സിപിഐ മന്ത്രിമാർ ഈ വിഷയത്തിൽ രാജിവയ്ക്കാൻ വരെ സന്നദ്ധരാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബിജെപിയുമായി സിപിഎം സന്ധിചെയ്തു എന്ന് ആരോപിച്ചുകൊണ്ട് സിപിഐ മുന്നണി വിടുകയോ, മന്ത്രി സ്ഥാനങ്ങൾ ഒഴിവാക്കുകയോ ചെയ്താൽ അത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആകും. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾക്ക് ഒപ്പം വരും ദിവസങ്ങളിൽ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിനെതിരെ സിപിഐ യുവജന വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ സിപിഎം ബിജെപി ധാരണ എന്ന് ആരോപണത്തോടൊപ്പം സിപിഐ കൂടി സിപിഎമ്മിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ പിഎം ശ്രീ വിവാദങ്ങളിൽ കരകയറാൻ സിപിഎമ്മും സർക്കാറും വല്ലാതെ ബുദ്ധിമുട്ടും.















































