ലക്നൗ: ഗാസിയാബാദിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ മൂന്നു പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്. നഗരത്തിലെ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്.
അതേസമയം ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. ഇതിനിടെ മൂന്ന് ആൺകുട്ടികളും ബലമായി മുറിയിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുറത്തുപോയി വീട്ടിലേക്കു മടങ്ങിയെത്തിയ അമ്മ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് നാല് ആൺകുട്ടികൾ ചേർന്ന് തന്റെ മകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടത്. ഉടൻ മകളെ മുറിയിൽനിന്ന് പുറത്തിറക്കിയ അമ്മ ആൺകുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിച്ചു. പക്ഷെ പോലീസ് എത്തും മുൻപേ സമീപവാസികളായ ഹൗസിങ് സൊസൈറ്റി ഭാരവാഹികൾ വീട്ടിലെത്തി ആൺകുട്ടികളെ വിട്ടയച്ചതായി പോലീസ് പറയുന്നു.
എന്നാൽ പിന്നീട് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്ലസ് വൺ, 10, 9 ക്ലാസുകളിൽ പഠിക്കുന്നവരാണ് പ്രതികൾ. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.