ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 52 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയർ അൽ-ബലഹിൽ നാലു കുട്ടികളുൾപ്പെടെ 13 പേരും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ 15 പേരും കൊല്ലപ്പെട്ടു. റഫ നഗരത്തിലെ സഹായവിതരണ കേന്ദ്രത്തിനുസമീപം നടന്ന വെടിവയ്പിൽ 24 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആയുധശേഖരം, തുരങ്കം ഇവ ലക്ഷ്യമാക്കി 250 വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.
സഹായകേന്ദ്രത്തിനരികെ സംശയാസ്പദമായി പെരുമാറിയവരെ തടയാൻ സൂചനാ വെടിവയ്പ് നടത്തിയതായി സമ്മതിച്ച ഇസ്രയേൽ സൈന്യം ആളപായം ഉണ്ടായതായി അറിവില്ലെന്നു വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു തട്ടിക്കൊണ്ടുപോയ 251 പേരിൽ 50 ബന്ദികൾ ഹമാസിന്റെ കൈവശമുണ്ട്. ഇതിൽ 20 പേർ മാത്രമാണു ജീവനോടെയുള്ളതെന്നു കരുതുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ 57,800 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.