ദുബായ്: പഹൽഗാം ആക്രമണം നൽകിയ മുറിവുകൾ ഒരു ഇന്ത്യക്കാരന്റേയും മനസിൽ നിന്ന് ഒരിക്കലും മായില്ല. രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരുവനും അതിനു മറുപടി കൊടുക്കാനുള്ള അവസരം കിട്ടിയാൽ ആഞ്ഞടിക്കും. ഇന്നലെ ഇന്ത്യൻ ടീമിന്റെ ടേണായിരുന്നു. അത് അവർ പാക്കിസ്ഥാന്റെ ഉച്ചിയിൽ തന്നെ അടിച്ചു…
മത്സരത്തിൽ പാക് താരങ്ങൾക്ക് കൈ കൊടുക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണോ എന്ന് ഒരു പ്രാദേശിക റിപ്പോർട്ടർ ചോദിച്ചപ്പോൾ, ജീവിതത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും അപ്പുറത്ത് കാണണമെന്ന സൂര്യകുമാറിൻറെ മറുപടിയിൽ തന്നെയുണ്ടായിരുന്നു ആ മുറിവ് നൽകിയ വേദന. പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഞങ്ങൾ. നമ്മുടെ സർക്കാരും ബിസിസിഐയും ഒരേ നിലപാടിലാണ് മുന്നോട്ടുപോകുന്നത്. ബാക്കിയുള്ളതൊക്കെ ഞങ്ങൾ ഇവിടെയെത്തിയശേഷം എടുത്ത തീരുമാനങ്ങളാണ്. ഞങ്ങളിവിടെ ക്രിക്കറ്റ് കളിക്കാനാണ് വന്നത്. ഞങ്ങൾ പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകിയെന്നാണ് വിശ്വസിക്കുന്നത്- സൂര്യകുമാർ യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യം മറ്റേതൊരു ടീമിനെതിരെയുമുള്ള മത്സരം പോലെയായിരുന്നു ഈ മത്സരത്തെയും ഞങ്ങൾ കണ്ടത്. മത്സരത്തിന് മുമ്പുള്ള തയാറെടുപ്പുകളും അതുപോലെയായിരുന്നു. പക്ഷെ പിന്നീട് മാറിമറിഞ്ഞു.
ഇത് ഇന്ത്യക്കാർക്കുള്ള സമ്മാനമാണ്. കാരണം, ചില കാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസിലുണ്ടാകും. ഈ മത്സരത്തിൽ ജയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവിലത് സാധ്യമായതിൽ സന്തോഷമുണ്ട്. മത്സരത്തിൽ അവസാനം വരെ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്പിന്നർമാരുടെ വലിയൊരു ആരാധകനാണ് ഞാൻ. കാരണം, മധ്യ ഓവറുകളിൽ അവരാണ് കളി നിയന്ത്രിക്കുന്നത്. അവരെ മികച്ച രീതിയിൽ നേരിടാനായതിലും ഇന്ത്യക്ക് ജയം സമ്മാനിക്കാനായതിലും സന്തോഷമുണ്ടെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
അതേസമയം ടോസിനുശേഷം പാക് ക്യാപ്റ്റനെ കണ്ട ഭാവം നടിക്കാതെ സൂര്യകുമാർ യാദവ്, കൈകൊടുക്കാൻ പോലും മുതിരാതെ നടന്നകന്നു. പിന്നാലെ കളി ജയിച്ച ശേഷവും അതേ നിലപാട് തന്നെയായിരുന്നു ടീം ഇന്ത്യയ്ക്ക്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിർത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തിൽ 10 റൺസെടുത്ത ശുഭ്മാൻ ഗിൽ, 13 പന്തിൽ 31 റൺസടിച്ച അഭിഷേക് ശർമ, 31 പന്തിൽ 31 റൺസെടുത്ത തിലക് വർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 37 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ശിവം ദുബെ ഏഴ് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.