ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൽ നിന്ന് മുക്തരായിട്ടില്ല രാജ്യതലസ്ഥാനം, ഇതിനിടെയാണ് ഇന്നു രാവിലെ മഹിപാൽപുരിലാണ് സ്ഫോടനശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. എന്നാൽ അതു ബസിന്റെ ടയർ പൊട്ടിയതെന്ന് സ്ഥിരീകരണം. റാഡിസൻ ഹോട്ടലിനു സമീപമാണ് രാവിലെ ശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്സിനു വിവരം ലഭിച്ചു. തുടർന്നു ഡൽഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷമാണ് ബസിന്റെ ടയർ പൊട്ടിയതാണെന്ന സ്ഥിരീകരണം ഉണ്ടായത്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് രാജ്യം.
ഇതിനിടെ, ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടനത്തിനു പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു.
അതേസമയം ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരം. ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തൽ. പുൽവാമ സ്വദേശി ഡോ. മുസമിൽ അഹമ്മദ് ഗനായി, കുൽഗാം സ്വദേശി ഡോ. അദീൽ, ലക്നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിനു മുൻപ് ജമ്മു കശ്മീർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ 20 ലക്ഷംരൂപ പിരിച്ചെടുത്ത് ഡോ.ഉമറിനു കൈമാറിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡോ. മുസമിലും ഉമറുമായി സാമ്പത്തിക കാര്യങ്ങളിൽ തർക്കമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.















































