കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു. തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആൻ്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആൻ്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആൻ്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്’, എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലർക്കായിരുന്ന കെ എസ് ജോസും ചേർന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.











































