ടെൽ അവീവ്: ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാക്കുകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച നെതന്യാഹു, എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്നു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
‘ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അതുപോലെ ഇറാന്റെ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
‘ഇറാൻ ഇനി അമേരിക്കയ്ക്കും ഇസ്രായേലിനും അറബ് അയൽ രാജ്യങ്ങൾക്കും ലോകത്തിനും ആണവ, മിസൈൽ, ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല’ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം ഇറാൻ യുഎസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നത്. അതേസമയം ഇറാൻ യുഎസിന് മുന്നിൽവെച്ച ഉപാധികളിൽ ലെബനനിലെ ആക്രമണവും അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.


















































