തിരുവനന്തപുരം: ആശ വർക്കർ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ഏതോ ഈർക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. താൻ സമരക്കാരെ അവഹേളിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.
സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഓണറേറിയം നൽകുന്നത് സംസ്ഥാന സർക്കാരും കൂടി ചേർന്നാണ്. നിരവധി സമരങ്ങൾ പാർലമെന്റിന് മുന്നിലും കേന്ദ്ര ഓഫീസിന് മുന്നിലും സംഘടിപ്പിച്ചപ്പോഴും ചർച്ച നടത്തിയപ്പോഴും ‘ഞങ്ങൾ ആശ വർക്കർമാരെ തൊഴിലാളികളായി റിക്രൂട്ട് ചെയ്തതല്ല, വളണ്ടിയർമാരാണ്. അതിന് ഇൻസെന്റീവ് മാത്രമേ നൽകാനാകൂ’ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ട്രേഡ് യൂണിയനുകൾ പോകാറില്ല. എന്നാൽ ഇപ്പോൾ സമരം ചെയ്യുന്നവർക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവരെന്തോ ചെയ്യുന്നു. കണക്കെടുപ്പും സർവ്വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികൾ അനിശ്ചിതകാലത്തേക്ക് നിർത്തുന്നത് ശരിയായ രീതിയല്ല. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതൽ കൊണ്ടാണ് എന്നും എളമരം കരീം പറഞ്ഞു. അതേ സമയം ആശ വർക്കർമാരുടെ സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നു.