കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ആഭരണവും പണവും കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പൊലീസിന്റെ പിടിയിലായത്. പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവർന്നത്.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവു കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 2നു വൈകിട്ട് നവക്കരയിലെ കുളക്കരയിൽ യുവതി എത്തിയത്. ആപ്പിൽ തരുൺ എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവൻ ആഭരണങ്ങൾ കവർന്നു.
മൊബൈൽ വഴി 90,000 രൂപയും ട്രാൻസ്ഫർ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നിൽ ഇറക്കിവിട്ടു.


















































