ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു സഹോദരങ്ങൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നറിഞ്ഞതോടെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം. ഒഡീഷയിലെ ജഗത്‌സിങ്പുർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ബനാശ്ബര ഗ്രാമത്തിൽ നിന്നുള്ള ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിയായ തുളു ഒളിവിലാണ്. ഇയാളെ പിടികൂടാൻ അധികൃതർ തിരച്ചിൽ ആരംഭിച്ചതായി പോലീസ്.
കേസിൽ പ്രതികളായ മൂന്നുപേരും ദീർഘനാളായി പെൺകുട്ടിയെ പീഡിപ്പിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പിന്നീടു ഗർഭിണിയാണെന്നറിഞ്ഞതോടെ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിച്ചു. ഗർഭച്ഛിദ്രത്തിനുള്ള പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതികൾ പെൺകുട്ടിയെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഗർഭച്ഛിദ്രം ചെയ്തില്ലെങ്കിൽ ജീവനോടെ കുഴിച്ചുമൂടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. പ്രതികൾ പെൺകുട്ടിയെ കുഴിച്ചിടാൻ കുഴിയുമെടുത്തിരുന്നു. പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് തന്റെ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയായി. പിതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേരെയും അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അതേസമയം ജഗത്‌സിങ്പുരിൽ ഈയാഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ലൈംഗിക അതിക്രമ കേസാണിത്. ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൊവ്വാഴ്ച രണ്ടുപേർ വയലിലേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു. ഗുരുതര നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.