മുംബൈ: സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരേ പൊട്ടിത്തെറിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. ‘ദി ബംഗാള്‍ ഫയല്‍സ്’ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിവേക് അഗ്നിഹോത്രിക്കെതിരേ യൂട്യൂബര്‍ രംഗത്തെത്തിയത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കുട്ടികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് ധ്രുവ് വിവേക് അഗ്നിഹോത്രിയെ വിമര്‍ശിച്ചത്.’ഈയൊരു ചിത്രം എല്ലാം പറയും’, എന്ന കുറിപ്പോടെ വിവേക് അഗ്നിഹോത്രി എക്‌സില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു.
ഹൗസ് ഫുള്ളായ തീയേറ്ററില്‍ ആളുകള്‍ സിനിമ കാണുന്നതാണ് ഫോട്ടോയിലുള്ളത്. സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ചിത്രം കാണുന്നുണ്ട്.ഈ ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് ധ്രുവ് റാഠി വിമര്‍ശനവുമായി എത്തിയത്. ‘മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള (എ സര്‍ട്ടിഫിക്കറ്റുള്ള) ചിത്രമാണോ നിങ്ങള്‍ കുട്ടികളെ കാണിക്കുന്നത്. ഇതൊരു കുറ്റകൃത്യമായി കണക്കാക്കണം. ഇത്രയധികം രക്തച്ചൊരിച്ചിലും ക്രൂരതയും അക്രമവും പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ അവരുടെ ബാല്യത്തെ തകര്‍ക്കുകയാണ്’, എന്നാണ് ധ്രുവ് റാഠി കുറിച്ചത്. ഇതിന് വിവേക് അഗ്നിഹോത്രി മറുപടിയൊന്നും നല്‍കിയിട്ടില്ല.
1946-ലെ കൊല്‍ക്കത്ത കലാപം അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് അനുവദിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിത്രത്തിന്റെ റിലീസ്.