മുംബൈ: ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോൾ രംഗത്തം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അച്ഛൻ ആരോഗ്യവാനാണ്, സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും കുടുംബത്തിന് സ്വകാര്യത നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നാണ് ഇഷ കുറിച്ചത്
ഇഷ ഡിയോൾ സോഷ്യൽ മീഡിയയിൽ എഴുതി, “എന്റെ അച്ഛൻ ആരോഗ്യവാനാണ്, സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പപ്പ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾക്ക് നന്ദി. ഇഷ ഡിയോൾ.”
അതേസമയം ധർമേന്ദ്ര മരിച്ചുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, പതിവ് പരിശോധനയ്ക്കാണെന്ന് ആദ്യം പറഞ്ഞതിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഭാര്യ ഹേമ മാലിനി, മക്കളായ സണ്ണി, ബോബി ഡിയോൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹം വെന്റിലേറ്ററിലാണെന്ന റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബവുമായി അടുത്തവർ അത് നിഷേധിച്ചു. ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ മുതിർന്ന നടൻ ധർമ്മേന്ദ്രയെ സന്ദർശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയ്ക്ക് ശേഷം സൽമാൻ ഖാനും ധർമ്മേന്ദ്രയെ സന്ദർശിച്ചിരുന്നു.
1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമേന്ദ്ര, 1960-കളിൽ ‘അൻപഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കെ’ തുടങ്ങിയ സിനിമകളിൽ സാധാരണവേഷങ്ങൾ ചെയ്താണ് കരിയർ ആരംഭിച്ചത്. പിന്നീട് ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി.
ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉൽഝാ ജിയാ’ എന്ന ചിത്രത്തിലാണ് ധർമേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബർ 25-ന് പുറത്തിറങ്ങും.
















































