ന്യൂഡൽഹി: രണ്ടു ദിവസത്തിനിടെ 150 വിമാന സർവീസുകൾ റദ്ദാക്കിയ ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് സർവീസുകൾ റദ്ദാക്കിയതെന്നാണു അനൗദ്യോഗിക റിപ്പോർട്ടുകൾ. ചെക്കിൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം വിമാനങ്ങൾ വൈകാൻ കാരണം മൈക്രോസോഫ്റ്റ് വിൻഡോസിലെ തകരാറാണെന്ന് വാരാണസി വിമാനത്താവളത്തിൽ അറിയിപ്പുണ്ടായി. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സംഭവത്തിൽ ഡൽഹിയിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുംബൈ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ ചിത്രങ്ങളും പുറത്തുവന്നു. ജീവനക്കാരുടെ കുറവിനെ തുടർന്ന് കൊച്ചിയിലും ഏതാനും ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. ഒ
ട്ടേറെ വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. ഇൻഡിഗോയുടെ മാലി–കൊച്ചി, ബെംഗളൂരു–കൊച്ചി, ചെന്നൈ–കൊച്ചി, ഹൈദരാബാദ്–കൊച്ചി, അഹമ്മദാബാദ്–കൊച്ചി, ഡൽഹി–കൊച്ചി തുടങ്ങിയ സർവീസുകളും തിരിച്ചുള്ള വിമാനങ്ങളുമാണ് മണിക്കൂറുകളോളം വൈകിയത്. വാരാണസി–കൊച്ചി, ഹൈദരാബാദ്–കൊച്ചി, ലക്നൗ–കൊച്ചി സർവീസുകൾ റദ്ദാക്കി.
മുംബൈയിൽ 32 ഇൻഡിഗോ സർവീസുകളും ബെംഗളൂരുവിൽ 20 സർവീസുകളും റദ്ദാക്കി. ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ഗോവ, കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 22 സർവീസുകളും റദ്ദാക്കി.



















































