പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഹൈക്കോടതി പുറത്തുവിട്ടതെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജൂലൈ മുപ്പതിന് തിരുവാഭരണ കമ്മീഷണർ മദ്രാസിലെ കമ്പനി വിശ്വസിക്കാൻ കൊള്ളില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകരുതെന്നും പറഞ്ഞു. എന്നാൽ ഓഗസ്റ്റ് എട്ടിന് കമ്മീഷണർ നിലപാടിൽ കീഴ്‌മേൽ മറിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ കൊടുത്തുവിടണമെന്ന് പറയുന്നു. ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ഇടപെടലാണ് അതിന് പിന്നിലെന്നും സതീശൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിലെ സിപിഐ വിയോജിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്. തങ്ങളാരെയും ക്ഷണിക്കുന്നില്ല, എന്നാലും ഈ നാണക്കേട് സഹിച്ച് സിപിഐ എൽഡിഎഫിൽ നിൽക്കണോ. ഏത് മുസ്‌ലിം ലീഗ് എന്ന് തങ്ങൾ ചോദിക്കുമോ?. സഹിച്ച് നിൽക്കുന്നത് കാണുമ്പോൾ തനിക്ക് തന്നെ സങ്കടം വന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.