ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് പോലീസ് അന്വേഷിക്കുന്ന ഫരീദാബാദ് ഭീകര സംഘത്തിൽപ്പെട്ട ഉമർ മുഹമ്മദെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമർ മുഹമ്മദാണോയെന്നകാര്യമടക്കമാണ് പോലീസ് പരിശോധിക്കുന്നത്.
കറുത്ത മാസ്ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീടു ഈ കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് രാജ്യത്തെ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
അതേസമയം കാറിന്റെ മുൻ ഉടമയെ പിടികൂടിയതിൽ നിന്ന് ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിൻറെ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സാഹചര്യ തെളിവുകൾ ഭീകരാക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാലുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവർ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരുക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ മറ്റുള്ളവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. 22 വാഹനങ്ങൾ പൂർണമായും അഗ്നിക്കിരയായി.














































