കോട്ടയം: ബിജെപി നേതാവ് പിസി ജോർജിന് ചുട്ട മറുപടിയുമായി ദീപിക ദിനപത്രം മുഖപ്രസംഗം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നു. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പിസി ജോർജ് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നാണ് പിസി ജോർജ് ആരോപിച്ചത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാൾ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാൽ യുഡിഎഫാണോ?. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തികെട്ട പണി ചെയ്യുന്നത്. നാണം കെട്ടവർ. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. എന്തിനാണ് ഇവന്മാര് കുരയ്ക്കുന്നത്. ഈ കുര യുഡിഎഫിന് വേണ്ടിയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. ഞാൻ വിശ്വാസിയാണ്. ഈ ഞാനാണ് മെത്രാന്മാർ കാണിക്കുന്നത് പ്രോക്രിത്തരമാണെന്ന് പറയുന്നത്’, പി സി ജോർജ് പറഞ്ഞു.
അതുപോലെ ദീപിക പത്രത്തിനെതിരെ വിമർശനവുമായി പിസി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജും രംഗത്തെത്തിയിരുന്നു. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോൺ ജോർജ് ആരോപിച്ചത്. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താൻ പരാതി അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.















































