തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ വേറിട്ട പ്രതിഷേധവുമായി സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വനിതാ ഉദ്യോഗാർഥികൾ. സിപിഒ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കല്ലുപ്പിൽ മുട്ട് കുത്തി നിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. ഇതിനിടെ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരമിരിക്കുന്ന ഒരു ഉദ്യോഗാർഥി കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സെക്രട്ടേറിയറ്റിന് മുമ്പിൽ ഒന്നരമണിക്കൂറോളം കല്ലുപ്പിനുമേൽ മുട്ടുകുത്തിനിന്നായിരുന്നു സിപിഒ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരമിരിക്കുന്നവരും പ്രതിഷേധക്കാരിൽ ഉണ്ടായിരുന്നു. കുഴഞ്ഞു വീണ ഉദ്യോഗാർഥിയെ മാറ്റിയെങ്കിലും മറ്റു രണ്ടുപേർ നിരാഹാര സമരം തുടരുകയാണ്. ഇത് അഞ്ചാം ദിവസമാണ് സമരം. ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സർക്കാർ യാതൊരു തരത്തിലും ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. എല്ലാ വാതിലുകളും അടയുകയാണ്. പലരീതിയിലും ശ്രമിക്കുന്നുണ്ടെങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും ദിവസവും കണ്ട് സംസാരിച്ചിട്ടുണ്ട്. എന്നാൽ യാതൊരു പരിഹാരം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, നിങ്ങൾക്ക് തരാൻ ഇനി ഒന്നുമില്ല, മാക്സിമം വേക്കൻസി തന്നുകഴിഞ്ഞു എന്നാണ് പറയുന്നത്. എല്ലാ വർഷവും 700-ന് മേലെ നിയമനം നടന്നിടത്ത് നിലവിൽ 292 ഒഴിവ് മാത്രമേ വന്നിട്ടുള്ളൂ. എല്ലാവർഷവും ഉണ്ടായിരുന്ന ഒഴിവുകൾ ഇത്തവണ എവിടെപ്പോയി. ആർടിഐ പ്രകാരം അഞ്ഞൂറോളം ഒഴിവുകളുണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ, അവിടെ എത്തുമ്പോൾ അവരുടെ കണക്കനുസരിച്ച് പൂജ്യമാണ് ഒഴിവ്. ആർടിഐ കള്ളം പറയുമോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.