പാലക്കാട്: സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം നടത്തിയ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നും കൊലവിളി മുദ്രാവാക്യത്തിൽ നേതാക്കൾ വിളിച്ചു പറയുകയായിരുന്നു
മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻകെ നാരായണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ-
‘ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ… ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും. സിപിഎമ്മാ പറയുന്നെ’-
അതേസമയം കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ പികെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത പരുപാടിയിലായിരുന്നു വിമർശനം.
പികെ ശശിയുടെ വാക്കുകൾ ഇങ്ങനെ-
‘കൊച്ചി പഴയ കൊച്ചിയല്ല, എന്നാൽ ബിലാല് പഴയ ബിലാൽ തന്നെയെന്ന്’. അഴിമതിയെ ആരും പിന്തുണക്കാറില്ല. അഴിമതിയെ തുറന്ന് കാണിക്കുകതന്നെ വേണം. അതേസമയം അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാൻ കഴിയണം. മാലിന്യക്കൂമ്പാരത്തിൽ കിടക്കുന്നവൻ മറ്റൊരാളുടെ വസ്ത്രത്തിലെ കറുത്തപുള്ളിയെ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒറ്റകാര്യമേ പറയാനുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗ് വേദിയിൽ പറഞ്ഞത്. അതേസമയം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പിക. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ വിമർശനം.
ഏതാനും നാളുകൾക്കു മുൻപ്അച്ചടക്ക നടപടിയുടെ ഭാഗമായി പികെ ശശിയെ സിപിഎം ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനിടെ ഉദ്ഘാടന ചടങ്ങിലേക്ക് പികെ ശശിയെ വിളിച്ചതിൽ പാർട്ടിക്കുള്ളിൽതന്നെ മുറുമുറുപ്പുണ്ടായിരുന്നു.
അതേസമയം പികെ ശശിക്ക് മുന്നറിയിപ്പുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പിഎം ആർഷോയും രംഗത്തെത്തി. ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് ഇറങ്ങിയാൽ രണ്ട് കാൽ കുത്തി നടക്കില്ലെന്നായിരുന്നു ആർഷോയുടെ മുന്നറിയിപ്പ്.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് പി കെ ശശിക്കെതിരെ പരോക്ഷ മുന്നറിയിപ്പ് നൽകിയത്. ഏരിയ കമ്മിറ്റി ഓഫീസ് ഓരോ സിപിഎം പ്രവർത്തകന്റെയും വൈകാരികതയാണെന്നും, അതിനു നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല, വൈകാരികമായ തിരിച്ചടിയും ഉണ്ടാകുമെന്നും ആർഷോ പറഞ്ഞു.
‘കൊച്ചി പഴയ കൊച്ചിയല്ല, എന്നാല്‍ ബിലാല് പഴയ ബിലാല്‍ തന്നെയെന്ന് ‘എന്ന മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലെ പ്രശസ്തമായ ഡയലോഗിന് അതേ ശൈലിയിലുള്ള മറുപടിയാണ് ആർഷോ കൊടുത്തത്.
‘കാരക്കാമുറി ഷൺമുഖനും ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി. ബിലാൽ അര ട്രൗസറുമിട്ട് അങ്ങാടിയിൽ കൂടി നടന്ന കാലമുണ്ടായിരുന്നു. അന്ന് ബിലാല് ഒരു ബിലാലുമായിരുന്നില്ല. മേരി ടീച്ചർ കൂട്ടികൊണ്ടുപോയി തിന്നാനും കുടിക്കാനും കൊടുത്ത് നേരെ നിവർന്ന് നിൽക്കാൻ പ്രാപ്തനാക്കിയതാണ്. നേരെ നിന്ന് തുടങ്ങിയപ്പോൾ ബിലാൽ സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലക്ക് ഗുണ്ടെറിയാൻ ആളെ പറഞ്ഞുവിട്ടാൽ, പൊന്നുമോനെ ബിലാലെ, മേരി ടീച്ചർക്ക് വേറെയുമുണ്ട് മക്കൾ, അവര് ഇറങ്ങിയാൽ മുട്ടിന്റെ ചിരട്ട കാണൂല’- പി എം ആർഷോ പറഞ്ഞു.