കണ്ണൂർ: പാർട്ടി നേതൃത്വത്തെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കിയ പയ്യന്നൂരിലെ രക്തസാക്ഷിഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം നിലപാട് മാറ്റുന്നുവെന്ന് സൂചന. ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ജില്ലാകമ്മിറ്റി ഇന്നു പുറത്തുവിട്ടേക്കും. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെ വൻ വിവാദമാണ് പാർട്ടിയിലും പുറത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതേസമയം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രതികരണം. വെള്ളിയാഴ്ച ആരോപണങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
നേരത്തെ പാർട്ടിയെടുത്ത നിലപാണ് കണക്കുകൾ പുറത്ത് പറയേണ്ടതില്ല എന്നതായിരുന്നു. എന്നാൽ ദീർഘകാലം പാർട്ടിനേതൃത്വത്തിലുണ്ടായിരുന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായ സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുപറയുന്നതിൽ തടസമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. കൂടാതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജില്ലാ നേതൃത്വത്തോട് നിർദേശിക്കുകയും ചെയ്തു. എം.വി.ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫിന്റെ വടക്കൻമേഖലാ ജാഥയുടെ കണ്ണൂരിലെ പര്യടനം കഴിഞ്ഞശേഷം ആരോപണങ്ങൾക്ക് മറുപടി നൽകാമെന്ന് രാഗേഷും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ബുധനാഴ്ചയാണ് പുറത്തിറക്കിയത്. പുസ്തകം ഇറങ്ങുന്നതിനുമുൻപ് കണക്ക് അവതരിപ്പിക്കണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും മനസില്ലെന്നായിരുന്നു ഇതിനോടുള്ള എം.വി.ഗോവിന്ദന്റെ മറുപടി. കുഞ്ഞിക്കൃഷ്ണൻ അടഞ്ഞ അധ്യായമാണെന്ന് സിപിഎ. നേതാക്കൾ പറയുന്നുണ്ടെങ്കിലും ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം മറുപടി നൽകി അണികൾക്കും പൊതുസമൂഹത്തിനുമിടയിൽ രൂപപ്പെട്ട ആശയക്കുഴപ്പമകറ്റാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.















































