കാക്കനാട്: രണ്ട് സീറ്റിൽ തർക്കം രൂക്ഷമായതോടെ തൃക്കാക്കരയിൽ സിപിഐ മുന്നണിവിട്ട് മത്സരിക്കാൻ ഒരുങ്ങുന്നു.20-ഓളം വാർഡുകളിൽ സിപിഎമ്മിനെതിരേ സ്ഥാനാർഥിയെ നിർത്താനാണ് സിപിഐ നീക്കം.
മുന്നണിവിട്ട് മത്സരിക്കാൻ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ജില്ലാതലത്തിലും സീറ്റ് ചർച്ച വഴിമുട്ടിയതോടെ മുന്നണിവിട്ട് മത്സരിക്കാൻ ജില്ലാ കമ്മിറ്റിയും മൗനാനുവാദം നൽകിയെന്നാണ് സൂചന.
തങ്ങളുടെ സിറ്റിങ് വാർഡുകളായ സഹകരണ റോഡിലും ഹെൽത്ത് സെന്ററിലും സിപിഎം ഏകപക്ഷീയമായി സ്ഥാനാർഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി. കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായി വിജയിച്ച്, പിന്നീട് എൽഡിഎഫിന്റെ ഭാഗമായ പി.സി. മനൂപിനെ ഹെൽത്ത് സെന്ററിലും പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാർഥിയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
തങ്ങൾക്ക് വിജയസാധ്യതയുള്ള വാർഡുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചതോടെ ഇനി വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന തൃക്കാക്കരയിലെ രണ്ട് സിപിഐ ലോക്കൽ കമ്മിറ്റി യോഗങ്ങളും നിലപാടെടുത്തു.
തങ്ങളുടെ സിറ്റിങ് സീറ്റ് ഉൾപ്പെടെ തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും നേതാക്കൾ വിമർശിച്ചു. എത്ര സീറ്റുകളിൽ മത്സരിക്കണം, ഏതൊക്കെ സീറ്റിൽ സ്ഥാനാർഥികളെ നിർത്തണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച സിപിഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എൽഡിഎഫ് മുന്നണിവിട്ട് മത്സരിക്കുന്ന വാർഡുകളുടെയും സ്ഥാനാർഥികളുടെയും കരട് പട്ടിക തയ്യാറാക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്.
അതേസമയം യുഡിഎഫിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. കോൺഗ്രസിലാണെങ്കിൽ ഭൂരിഭാഗം വാർഡുകളിലും നിരവധി സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇവരെയൊക്കെ ‘ഒതുക്കി’ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുകയെന്നത് കോൺഗ്രസിന് ബാലികേറാമലയാണ്. ബിജെപിയും ഉടൻ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമെന്നാണ് സൂചന.















































