ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. രാത്രി വൈകി വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. ഇതോടെ പട്ടിക പുറത്തുവരാൻ ഇനിയും വൈകുമെന്ന് തീർച്ചയായി.
പല സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്താൻ കഴിയാത്തതാണ് രണ്ടാംഘട്ട പട്ടിക വൈകാൻ കാരണമെന്നറിയുന്നു. മുതിർന്ന സംസ്ഥാന, കേന്ദ്ര നേതാക്കളെല്ലാം ഡൽഹിയിലുണ്ട്.
കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള ചില സീറ്റുകൾ ഒഴിച്ചിട്ട് ബുധനാഴ്ച വൈകീട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിന് സ്ഥാനാർഥി പട്ടിക പുറത്തിറക്കാനായില്ല.
കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ബുധനാഴ്ച രാത്രി ഒൻപതുമണി പിന്നിട്ടിട്ടും രണ്ടാംഘട്ട പട്ടികയിൽ തീരുമാനമായിട്ടില്ല. അതേസമയം, പട്ടിക വൈകുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. കൊച്ചിയിൽ ഷിയാസിനായും ദീപ്തി മേരി വർഗീസിനായും പ്രവർത്തകർ രംഗത്തെത്തുകയുംചെയ്തു.
















































