ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതിന് രണ്ട് അധ്യാപകരും അവരുടെ സുഹൃത്തും അറസ്റ്റിലായി. ഭൗതികശാസ്ത്ര അധ്യാപകനായ നരേന്ദ്രൻ, ജീവശാസ്ത്ര അധ്യാപകനായ സന്ദീപ്, അവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ കോളേജിലാണ് ഇവർ ജോലി ചെയ്യുന്നത്. ബലാത്സംഗത്തിനിരയായ വിദ്യാർഥിനിയും ഇവിടെയാണ് പഠിക്കുന്നത്. നോട്ട് പങ്കുവെക്കാനെന്ന വ്യാജേന നരേന്ദ്രനാണ് ആദ്യം വിദ്യാർഥിനിയെ സമീപിച്ചത്.
തുടർന്ന് നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. പിന്നീട് ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം, ബയോളജി അധ്യാപകനായ സന്ദീപ് വിദ്യാർത്ഥിനിയോട് അതിക്രമം കാണിച്ചു. വിദ്യാർഥിനി എതിർത്തപ്പോൾ, നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാൾ അവളെ ബ്ലാക്ക് മെയിൽ ചെയ്തു.
അനൂപിന്റെ വീട്ടിൽ വച്ചാണ് ഇയാളും പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇവരുടെ സുഹൃത്തായ അനൂപ്, പെൺകുട്ടി തന്റെ മുറിയിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മാനസികാഘാതം അനുഭവിച്ച വിദ്യാർത്ഥിനി തന്റെ മാതാപിതാക്കൾ ബെംഗളൂരുവിൽ തന്നെ സന്ദർശിച്ചപ്പോൾ അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. കുടുംബം കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. രണ്ട് അധ്യാപകരെയും അനൂപിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.