കൊച്ചി: സംസ്ഥാനത്തും തദ്ദേശ സ്ഥാപനങ്ങളിലും തുടർഭരണമാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓരോ മേഖലയുടെയും വികസനം എണ്ണിപ്പറഞ്ഞപ്പോഴും അതെല്ലാം തുടർഭരണത്തിന്റെ ഗുണമാണെന്ന് കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു കലൂർ സ്റ്റേഡിയം മൈതാനത്ത് നടന്ന തദ്ദേശ ഇടതുപക്ഷ സ്ഥാനാർഥികളുടെ പൊതുയോഗത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം. അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം 2016-ൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനം എല്ലാ മേഖലകളിലും വലിയ തകർച്ചയെ നേരിടുകയായിരുന്നു. വിദ്യാഭ്യാസ മേഖല പാടേ തകർന്നു. പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്ന സ്ഥിതി. ഗതാഗതത്തിലുൾപ്പെടെ കാലാനുസൃതമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
കേരളത്തിന്റെ ഈ തകർച്ചയിൽനിന്ന് ഇനിയൊരു മാറ്റമുണ്ടാകില്ലെന്ന കടുത്ത നിരാശയിലായിരുന്നു ജനങ്ങൾ. എന്നാൽ, 2016-21 കാലഘട്ടത്തിലെ ഇടതുഭരണത്തിലൂടെ വലിയ മാറ്റങ്ങളുണ്ടായി. ഒന്നും നടക്കില്ലെന്നു കരുതി നിരാശയിലായിരുന്ന ജനങ്ങളെ പ്രത്യാശയിലേക്കെത്തിക്കാൻ കഴിഞ്ഞു. കേരളത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടി തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്താവുന്ന സ്ഥിതിയാണ് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇടതുഭരണത്തിന്റെ ഗുണഫലം അനുഭവിച്ച ജനങ്ങൾ 2021-ലെ തിരഞ്ഞെടുപ്പിൽ ആ രീതിക്ക് മാറ്റംവരുത്തി. ഇടതുപക്ഷ ഭരണത്തിന് തുടർച്ചയുണ്ടായി.
വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയിടത്ത് പത്തുലക്ഷം കുട്ടികൾ പുതുതായി ചേർന്നു. പാഠപുസ്തകങ്ങളില്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾ പഠിക്കേണ്ടിവന്ന സ്ഥാനത്ത്, അധ്യയന വർഷം തുടങ്ങുന്നതിനു മുന്നേ പാഠപുസ്തകം എത്തുന്ന രീതി വന്നു. രാജ്യത്തെ ആദ്യ 100 റാങ്കിൽ പോലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതിരുന്ന സ്ഥാനത്ത് ഇപ്പോൾ ആദ്യ 12-ൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുണ്ട്.നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറി.
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ടോപ്പ് അച്ചീവർ നേട്ടം രണ്ടു വട്ടം കൈവരിച്ചു. അടുത്തിടെ ഗൾഫ് സന്ദർശനം നടത്തിയപ്പോൾ അബുദാബി കിരീടാവകാശിയുൾപ്പെടെ കേരളത്തിൽ നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഏതൊക്കെ മേഖലകളിൽ നിക്ഷേപിക്കണമെന്നു കണ്ടെത്താൻ അവരുടെ ഒരു സംഘത്തെ അയക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.


















































