ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന. ടിബറ്റിലെ ലുന്‍സെ വ്യോമതാവളത്തില്‍ 36 എയര്‍ക്രാഫ്റ്റ് ഹാങ്ങറുകളുടെയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെയും ഒരു പുതിയ ഏപ്രണിന്റെയും (എയര്‍ക്രാഫ്റ്റുകള്‍ പാര്‍ക്കുചെയ്യാനും സര്‍വീസ് നടത്താനുമായിട്ടുള്ള റാമ്പ്) നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചൈനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അരുണാചല്‍ പ്രദേശ് മേഖലയിലെ ഇന്ത്യ – ചൈന അതിര്‍ത്തിയായ മക്മഹോണ്‍ ലൈനിന് ഏകദേശം 40 കിലോമീറ്റര്‍ വടക്കുമാറിയാണ് ലുന്‍സെ വ്യോമതാവളം. അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാന പട്ടണമായ തവാങ്ങില്‍ നിന്ന് ഏകദേശം 107 കിലോമീറ്റര്‍ അകലെയുമാണിത്.
ലുന്‍സെയിലെ പുതിയ എയര്‍ക്രാഫ്റ്റ് ഹാങ്ങറുകളുടെ നിര്‍മാണത്തിലൂടെ ചൈനയ്ക്ക് യുദ്ധവിമാനങ്ങളും ഡ്രോണ്‍ സംവിധാനങ്ങളും പ്രദേശത്ത് അതിവേഗം വിന്യസിക്കാനുള്ള വഴിതെളിഞ്ഞിരിക്കുകയാണ്. ഇതോടെ അരുണാചല്‍ പ്രദേശിലും അസമിലുമുള്ള സ്വന്തം വ്യോമതാവളങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ലെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ക്രാഫ്റ്റ് ഹാങ്ങറുകളുടെ നിര്‍മാണത്തോടെ ചൈനീസ് സൈന്യത്തിന്റെ തന്ത്രപരമായ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമെല്ലാം ലുന്‍സെയില്‍ തന്നെയായിരിക്കും സൂക്ഷിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പറഞ്ഞു. ഈ പ്രദേശത്തെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വെടിക്കോപ്പുകളും ഇന്ധനവും അവര്‍ ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വ്യോമതാവളങ്ങളുടെ നിര്‍മാണവും നവീകരണവും ഭാവിയിലെ ചൈനീസ് യുദ്ധ പദ്ധതികള്‍ക്ക് വലിയ സഹായകമാകുമെന്നതിനാല്‍ ഇന്ത്യയ്ക്കുമേല്‍ ഗുരുതരമായ ഭീഷണിയാണ് നിലനില്‍ക്കുന്നതെന്ന് വ്യോമസേനയുടെ മുന്‍ വൈസ് മേധാവി എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ലയും പറഞ്ഞു.
നേരത്തേ ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ആസ്ഥാനമായുള്ള ജിയോ-ഇന്റലിജന്‍സ് സ്ഥാപനമായ ഓള്‍സോഴ്സ് അനാലിസിസിലെ ഗവേഷകരാണ് ഈ നിര്‍മാണം ആദ്യമായി തിരിച്ചറിഞ്ഞത്. 2020-ല്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പ്രധാന പോയന്റുകളില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെയായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ പുതുതായി നവീകരിച്ച ന്യോമ എയര്‍ഫീല്‍ഡിന് നേരെ എതിര്‍വശത്തായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LOC) നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഗാര്‍ കൗണ്ടിയില്‍ ഈ സമുച്ചയത്തിന്റെ ഒരു പകര്‍പ്പ് അവര്‍ കണ്ടെത്തിയിരുന്നു.

















































