ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന കാരണത്താൽ ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ വിമർശിച്ച് ചൈനീസ് അംബാസഡർ. ഇന്ത്യയ്ക്കു മേൽ അധികതീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന എതിർക്കുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് പറഞ്ഞു.
ഇത്രയും കാലം സ്വതന്ത്ര വ്യാപാരത്തിൽനിന്ന് നേട്ടമുണ്ടാക്കിയ അമേരിക്ക ഇപ്പോൾ വിലപേശലിനായി തീരുവകളെ ഉപയോഗിക്കുകയാണ്. ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നമ്മൾ മൗനം പാലിക്കുന്നത് ഇത്തരം മുട്ടാളൻമാർക്ക് വീണ്ടും ധൈര്യംകൊടുക്കുന്നപോലെയാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം ചൈന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ഇന്ത്യൻ ഉത്പന്നങ്ങൾക്കായി ചൈനീസ് വിപണി തുറന്നുകൊടുക്കുന്നതിനേക്കുറിച്ച് സംസാരിച്ച സു ഫെയ്ഹോങ്, വിപണികളിലൂടെ പരസ്പരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഇരു രാജ്യങ്ങൾക്കും വളരെയധികം പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി. ”കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ചൈനീസ് വിപണിയിലേക്കെത്തുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഐടി, സോഫ്റ്റ്വെയർ, ബയോമെഡിസിൻ എന്നിവയിൽ ഇന്ത്യയ്ക്ക് അൽപം മുൻതൂക്കമുണ്ട്. അതേസമയം, ഇലക്ട്രോണിക് വസ്തുക്കളുടെ നിർമാണം, അടിസ്ഥാന സൗകര്യ നിർമാണം, ഊർജ മേഖലകളിൽ ചൈനയിൽ ദ്രുതഗതിയിലുള്ള വികാസം കാണാൻ കഴിയും”.
മാത്രമല്ല ഇന്ത്യൻ ബിസിനസുകാർ ചൈനയിൽ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. അതേസമയം, ഇന്ത്യയിൽ ചൈനീസ് ബിസിനസുകൾക്ക് ന്യായമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഇന്ത്യൻ സംരഭങ്ങൾ ചൈനയിൽ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. അതുപോലെ, ഇന്ത്യയിലെ ചൈനീസ് സംരംഭങ്ങൾക്ക് ന്യായവും നീതിയുക്തവും വിവേചനരഹിതവുമായ ഒരു ബിസിനസ് അന്തരീക്ഷം നൽകാൻ ഇന്ത്യക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































