തിരുവനന്തപുരം: ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയ തീരുമാനത്തിൽ ആശങ്കയുമായി യാത്രക്കാർ. മൂന്നാഴ്ചയിലേക്കാണ് മാറ്റമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരമാക്കാനുള്ള പദ്ധതിയാണോയെന്ന് സംശയമുണ്ടെന്ന് യാത്രക്കാരുടെ കൂട്ടായ്മമയായ ഫ്രണ്ട്സ് ഓഫ് റെയിൽ ആരോപിച്ചു. പ്രതിദിന ട്രെയിനുകളിൽ രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന 12695 ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ദീർഘദൂര യാത്രക്കാർക്കും പ്രതിദിന യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.
രാവിലെ എട്ട് മണി മുതൽ ജോലിയിൽ പ്രവേശിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കേന്ദ്ര സർക്കാർ ജീവനക്കാർ, ആശുപത്രി ജീവനക്കാർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്. സർക്കാർ ജീവനക്കാരടക്കം നിരവധി സീസൺ ടിക്കറ്റ് യാത്രികർക്കും ഈ ട്രെയിൻ വളരെ സൗകര്യപ്രദമായിരുന്നു. ഇതിനിടെ ജൂലയ് രണ്ടാം തീയ്യതി മുതൽ ഏഴാം തീയ്യതി വരെ ഒരാഴ്ചത്തേക്ക് ഈ ട്രെയിനിന്റെ സർവീസ് കൊച്ചുവേളി വരെയാക്കി ചുരുക്കിയിരുന്നു. ഇത് സ്ഥിരമായി ആശ്രയിച്ചിരുന്നവർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെ ആശ്രയിച്ചിരുന്നവർ കൊച്ചുവേളിയിൽ നിന്ന് ബസിൽ കയറേണ്ടി വന്നു. റോഡിലെ ഗതാഗതക്കുരുക്ക് കാരണം ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്ത് എത്താൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടായെന്ന് യാത്രക്കാർ പറഞ്ഞു.
എന്നാൽ ജൂലൈ 19 മുതൽ ഓഗസ്റ്റ് 9 വരെ വീണ്ടും ഇതേ ട്രെയിൻ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനം വീണ്ടും യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്ഥിതി അതീവഗുരുതരമായിരിക്കുമെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള ചെന്നെ മെയിൽ പോയതിനു ശേഷം 5.45 നുള്ള വഞ്ചിനാടാണ് കോട്ടയം വഴി ഒരു പ്രതിദിന വണ്ടിയുള്ളത്. ഓഫീസ് സമയത്തിനു ശേഷം കൊച്ചുവേളിയിൽ എത്താൻ മതിയായ യാത്രാ സൗകര്യത്തിന്റെ അഭാവത്തിൽ ചെന്നെ സൂപ്പർ ഫാസ്റ്റിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ കുടി ഇനി ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ വണ്ടികളെ ആശ്രയിക്കുകയും അവയിൽതിരക്ക് വർദ്ധിക്കുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്നാണ് ആശങ്ക.
കൊച്ചു വേളി സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് ട്രെയിൻ കണക്ടിവിറ്റി ഇല്ലാത്തതിനാൽ ഇപ്പോഴത്തെ തീരുമാനം യാത്രക്കാർക്ക് വൻ തിരിച്ചടിയാകും. തിരുവനന്തപുരത്തെ ഒരു പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി രാവിലെയുള്ള തിരക്ക് ഒഴിവാക്കാനാണ് റെയിൽവെ കരുതുന്നതെങ്കിൽ ചെന്നെ സൂപ്പർ ഫാസ്റ്റിനെ പതിവു പോലെ തിരുവനതപുരത്ത് എത്തിച്ച ശേഷം തിരികെ കൊച്ചുവേളിയിൽ കൊണ്ടുവന്ന് വാട്ടർ ഫില്ലിംഗ് മെയിന്റനൻസ് നടത്തി തിരിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമാവുമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. ഇതിനും സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ കൃത്യമായ ബദൽ യാത്രാസംവിധാനങ്ങൾ ഒരുക്കുവാൻ റയിൽവേ തയ്യാറാകണമെന്നാണ് മറ്റൊരു ആവശ്യം. രാവിലെയും വൈകുന്നേരവും കൊച്ചുവേളിയിൽ നിന്നും കണക്ഷൻ ലഭിക്കത്തക്ക വിധത്തിൽ ബസുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓഫ് റെയിൽ ആവശ്യപ്പെട്ടു.