പോട്ട: പോട്ട ബാങ്കിൽ റിജോ മോഷ്ടിക്കാനിറങ്ങിത്തിരിച്ചത് സ്വർണപ്പണയം തിരിച്ചെടുക്കാൻ. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ അവ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പോലീസിനോട് പറഞ്ഞത്. 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നതെന്നാണ് പ്രതി അറിയിച്ചത്. എന്നാൽ മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ മൂന്നു ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.
15 ലക്ഷം രൂപ ബാങ്കിൽ നിന്ന് മോഷ്ടിച്ചതിൽ നിന്ന് ബാക്കി 14,90,000 രൂപ കണ്ടെടുക്കാനായത് പോലീസിന് നേട്ടമായി. 10,000 രൂപയാണ് പ്രതി ചെലവഴിച്ചത്. അന്നനാട് സ്വദേശിയിൽ നിന്നു കടം വാങ്ങിയ രണ്ടു ലക്ഷം രൂപയും പലിശയായ 90,000 രൂപയും തിരികെ നൽകാൻ മോഷണ മുതൽ ഉപയോഗിച്ചു. റിജോ പിടിയിലായ വാർത്ത കണ്ട് അന്നനാട് പാമ്പുത്തറ സ്വദേശിയും റിജോയുടെ സഹപാഠിയുമായ കാരപ്പിള്ളി ബിനേഷ് (സോമു) ഞായറാഴ്ച രാത്രി തന്നെ ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ഈ തുക എത്തിച്ചിരുന്നു. കേസിലുൾപ്പെട്ട പണമായതിനാൽ പോലീസ് അപ്പോൾ ഏറ്റുവാങ്ങിയില്ല.
ഓട്ടോറിക്ഷക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന്‍ പരിഹസിച്ച കമ്പനിക്ക് ഇന്ന് 290 കോടിയുടെ മൂല്യം; എണ്ണ, വാതക പൈപ്പ്‌ലൈനുകളിലെ ചോര്‍ച്ചയും മോഷണവും കണ്ടെത്തുന്നതില്‍ മുന്‍നിര കമ്പനി; കേരളം വളര്‍ന്നത് ഇങ്ങനെയൊക്കെയാണ്
തിങ്കളാഴ്ച പ്രതിയുമായി ബിനേഷിന്റെ വീട്ടിലെത്തിയാണ് പോലീസ് പണം കൈപ്പറ്റിയത്. 500 രൂപയുടെ 3 കെട്ടുകൾ വീതമുള്ള 15 ലക്ഷം രൂപയിൽ 2 കെട്ടുകൾ പൊട്ടിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഷൂവിന്റെ ദൃശ്യമാണ് അന്വേഷണത്തിൽ നിർണായകമായത് .കവർച്ചാസമയത്തു ധരിച്ച ഷർട്ടുകളും ബനിയനും വീട്ടിൽനിന്നു ലഭിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങളിലൊന്നു കത്തിച്ചു കളഞ്ഞതായി പ്രതി അറിയിച്ചു. അതേ സമയം കസ്റ്റഡി അപേക്ഷ ഇന്നു നൽകുമെന്നു ഡിവൈഎസ്പി കെ. സുമേഷ് അറിയിച്ചു. അറസ്റ്റിലായ റിജോയെ വിയ്യൂർ ജയിലിലേക്കു മാറ്റി.
മേലൂരിലെ തറവാട്ടിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്. 2011 മുതൽ 2020 വരെ കുവൈത്തിൽ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. എന്നാൽ കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി. ഇയാളെ കുറിച്ചു നാട്ടുകാർക്കു മതിപ്പാണ്. തമാശ പറഞ്ഞും പൊതുകാര്യങ്ങളിൽ ഇടപെട്ടും നാട്ടിൽ സജീവമായിരുന്നു. കൃത്യം നടത്തിയ ശേഷം പിടിയിലായ ദിവസം സ്വന്തം വീട്ടിൽ നടന്ന പള്ളി കുടുംബയൂണിറ്റ് യോഗത്തിൽ പങ്കെടുത്തപ്പോഴും ബാങ്ക് കവർച്ചയെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.പള്ളി വികാരി അടക്കമുള്ളവരോട് പ്രതി രക്ഷപ്പെട്ട് ജില്ലയോ, സംസ്ഥാനമോ കടന്നിട്ടുണ്ടാകാമെന്ന് പറഞ്ഞു ചിരിച്ചു ആർക്കും സംശയം തോന്നാത്ത വിധത്തിത്തിൽ പെരുമാറി.
അതേസമയം ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ചയുടെ ആസൂത്രണം ആരംഭിച്ചതെന്നു റിജോ പറഞ്ഞു. ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പലവട്ടം സന്ദർശിച്ചു സ്ഥിതി വിലയിരുത്തി. മടങ്ങാനുള്ള റൂട്ട് മാപ്പ് തയാറാക്കി അതുവഴി വീണ്ടും വീണ്ടും യാത്ര ചെയ്തായിരുന്നു കവർച്ചാ ആസൂത്രണം. ആദ്യം പദ്ധതി നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും ബാങ്കിനു മുന്നിലുള്ള പോലീസ് വാഹനം കണ്ട് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് നാലു ദിവസങ്ങൾക്കു ശേഷമാണ് മോഷണം നടത്തിയത്.