ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പൂനമല്ലി മണ്ഡലം സ്ഥാനാർത്ഥി ആർ. പ്രകാശിനെതിരെ ലൈംഗികാരോപണത്തിൽ പൊലീസ് കേസെടുത്തു. ടിവികെയിലെ ഒരു വനിതാ ഭാരവാഹിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് ചൊവ്വാഴ്ച കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 8-ന് തിരുവള്ളൂരിൽ നടന്ന ഒരു വിവാഹ റിസപ്ഷനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
പാർട്ടി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ഭർത്താവിനൊപ്പമാണ് വനിതാ ഭാരവാഹി എത്തിയത്. വിവാഹച്ചടങ്ങിനിടെ പ്രകാശം തന്നെ സമീപിച്ച് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭർത്താവ് പ്രകാശത്തിന്റെ ഓഫീസിലെത്തി ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു.
ആദ്യം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ദമ്പതികൾ തിരുവള്ളൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. അതേസമയം, പ്രകാശിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുരുണ രംഗത്തെത്തി. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും പദവികൾ ലഭിക്കാത്തതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് അവർ ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന് സുരുണ മറുപരാതി നൽകിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രമുഖ നേതാവിനെതിരെ ഉയർന്നിട്ടുള്ള ഈ ലൈംഗികാരോപണം തമിഴക വെട്രി കഴകത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായിരിക്കുകയാണ്.













































