തിരുവനന്തപുരം: ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോള നേതൃനിരയിലേക്ക് ഉയർത്താൻ തക്കവിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 517.64 കോടി വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ 10.5 കോടി രൂപ അധികമാണ്. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. ഇതും മുൻവർഷത്തേക്കാൾ 16.85 കോടി രൂപ അധികമാണ്. പുതിയ ഐടി നയത്തിന് രൂപംനൽകുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവർത്തനങ്ങൾക്കുമായി മുൻവർഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
ട്രിപ്പിൾ ഐടിഎംകെയുടെ പ്രവർത്തനങ്ങൾക്കായി 16.95 കോടി രൂപയും അനുവദിച്ചു. എഐയ്ക്ക് പ്രോത്സാഹനം നൽകുന്നത് കൂടിയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ. എഐയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് മിഷന് ഏഴ് കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും. 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാൻ 15 കോടിയും ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു.
ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനത്തിനായി ഹൈഡ്രജൻ വാലി പദ്ധതി ആരംഭിക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിന് 10,000 കോടിയുടെ ബയോ എഥനോൾ ആവശ്യം വരും. ഇതിന്റെ ഉത്പാദനം കർഷകർക്ക് ഗുണകരമാണ്. ബയോ എഥനോൾ ഗവേഷണത്തിനും ഉത്പാദനത്തിനുമായി 10 കോടിയും അനുവദിച്ചു. ലൈഫ് സയൻസ് പാർക്കിന് 16 കോടിയും വകയിരുത്തി. സൈബർ അധിക്ഷേപങ്ങൾക്കും വ്യാജവാർത്തകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സൈബർ വിങ്ങിനായി രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിക്ക് 105 കോടി രൂപയും അനുവദിച്ചു. ജലനിധി മഴവെള്ള ഭൂഗർഭജല റീച്ചാർജ് പദ്ധതിക്കായി 11.5 കോടി രൂപയും സപ്ലൈക്കോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 15 കോടി, ഇ-ഹെൽത്ത് പ്രോഗ്രാമിന് 27.60 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.