തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനോ താഴ്ന്നുകിടക്കാനോ സാധ്യതയുണ്ട്.
രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം:
പൊട്ടിവീണ വൈദ്യുതി ലൈനിന്റെ അടുത്തേക്കോ അതിന്റെ പരിസരങ്ങളിലേക്കോ പോകരുത്. വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റാരെയും അവിടേക്ക് പോകാൻ അനുവദിക്കരുത്.
സർവ്വീസ് വയർ, സ്റ്റേ വയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയിൽ സ്പർശിക്കുന്നത് ഒഴിവാക്കണം.
ലോഹ ഷീറ്റുകളിലോ തൂണുകളിലോ സർവ്വീസ് വയർ തട്ടിക്കിടക്കുകയാണെങ്കിൽ വൈദ്യുതാഘാതത്തിന് സാധ്യതയുണ്ട്.
അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ വിവരം അറിയിക്കുക. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾക്കായി 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ ആയ 1912-ൽ ബന്ധപ്പെടാവുന്നതാണ്.