ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്.
താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക് വരുമെന്നാണ് സൂചനകൾ. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. 350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബിഎൻപി മുന്നേറ്റം തുടരുകയാണ്.
പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ബിഎൻപിയും രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം.
















































