ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി രാജ്യത്തെ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഉടൻ ശേഖരിക്കാനും ആഹ്വാനം ചെയ്തു. ഭരണകൂടത്തിനെതിരായ “അവസാന പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ് രാജ്യം” എന്നാണു പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.
ജനങ്ങൾ ദേശീയതലത്തിൽ തുടരുന്ന കൂടുതൽ സമരം ശക്തമാക്കണമെന്നും ജോലിക്ക് ഹാജരാകാതെയും പ്രതിഷേധം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ തെരുവുകളിൽ നിന്ന് മാറി വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“പ്രിയ സഹദേശവാസികളേ, നാം ഇപ്പോൾ നമ്മുടെ അവസാന പോരാട്ടത്തിന്റെ അത്യന്തം സൂക്ഷ്മമായ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. നിങ്ങളുടെ സുരക്ഷയ്ക്കായി ഉടൻ തന്നെ ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും തെരുവുകളിൽ നിന്ന് മാറി വീടുകളിൽ തന്നെ തുടരുകയും ചെയ്യുക. സമരം തുടരണം, ജോലിക്ക് പോകാതിരിക്കുക”- പഹ്‌ലവി പറഞ്ഞു. അതുപോലെ ജനങ്ങളുടെ ഐക്യം പ്രകടിപ്പിക്കുന്നതിനായി രാത്രികളിൽ മുഴങ്ങുന്ന പ്രതിഷേധ മുദ്രാവാക്യങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോടൊപ്പം ഇറാന്റെ സൈന്യത്തെയും സുരക്ഷാസേനയെയും അഭിസംബോധന ചെയ്ത പഹ്‌ലവി, “ഇതാണ് നിങ്ങളുടെ അവസാന അവസരം. അടിച്ചമർത്തൽ സംവിധാനങ്ങളിൽ നിന്ന് മാറി ജനങ്ങളോടൊപ്പം നിൽക്കുക. എന്റെ അന്തിമ ആഹ്വാനം കാത്തിരിക്കുക,”എന്നും സന്ദേശത്തിൽ പറഞ്ഞു.
അതേസമയം പഹ്‌ലവിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇറാനികളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ അദ്ദേഹത്തിന്റെ സന്ദേശത്തെ ശക്തമായി വിമർശിച്ചു. ഇറാനിൽ ഇന്റർനെറ്റ് സേവനം വലിയ തോതിൽ തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സന്ദേശം രാജ്യത്തെ ജനങ്ങളിലേക്കെത്തില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. “ഇറാനിലെ 60 മുതൽ 70 മില്യൺ ആളുകൾക്ക് ഇന്റർനെറ്റ് ഇല്ല. അവർക്ക് നിങ്ങളുടെ സന്ദേശം കേൾക്കാൻ പോലും കഴിയില്ലെന്ന് നിങ്ങൾക്കറിയാമോ?” എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.
ഇതിനിടെ ചിലർ പഹ്‌ലവിയെ പിന്തുണച്ചു. ഇറാനിലെ പഴയ രാജവംശത്തിന്റെ ചിഹ്നമായ “ലയൺ ആൻഡ് സൺ” പതാക ഉയരുന്ന ദിവസം വരുമെന്നും അന്ന് ജനങ്ങൾ നഗരങ്ങളുടെ പ്രധാന ചത്വരങ്ങളിൽ ആഘോഷിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. രാജ്യത്തെ തെരുവുകൾ ശൂന്യമാക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് പഹ്‌ലവി ജനങ്ങളോട് വീടുകളിൽ തുടരാൻ പറഞ്ഞതെന്നും ചിലർ വിലയിരുത്തി.
ആരാണ് റെസാ പഹ്‌ലവി?
റെസാ പഹ്‌ലവി ഇറാനിലെ അവസാന ഷായായിരുന്ന മുഹമദ് റെസാ പഹ്‌ലവിയുടെ മകനാണ്. 1960 ഒക്ടോബർ 31ന് ടെഹ്‌റാനിൽ ജനിച്ച അദ്ദേഹം 1967ൽ പിതാവിന്റെ കിരീടധാരണ വേളയിൽ ഔദ്യോഗികമായി ഇറാന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. 1978ൽ, വെറും 17-ാം വയസിൽ, അമേരിക്കയിലെ ടെക്സസിലെ റീസ് എയർഫോഴ്‌സ് ബേസിൽ യുദ്ധവിമാന പരിശീലനത്തിനായി അദ്ദേഹം ഇറാൻ വിട്ടു. പിന്നീട് അമേരിക്കയിൽ തുടരുകയും രാഷ്ട്രീയ ശാസ്ത്രത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടുകയും ചെയ്തു.
1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം രാജവംശം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹം പ്രവാസ ജീവിതം തുടരുകയാണ്. അതിനുശേഷം മുതൽ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ തുറന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കളിലൊരാളായി അദ്ദേഹം അറിയപ്പെടുന്നു. രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ സംവിധാനം സ്ഥാപിക്കണമെന്നാണ് പഹ്‌ലവിയുടെ ആവശ്യം.
അതേസമയം ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. ആ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പ്രതികാരമായി ഇറാൻ ഇസ്രയേലിനെയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി.

















































