ആഗോളതലത്തില്‍ ഏതാണ്ട് 422 ദശലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പഞ്ചസാരയില്‍ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതില്‍ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വര്‍ധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുള്‍പ്പെടെ മാരകമായ പല രോഗങ്ങളിലേക്ക് ഇത് നയിക്കും.
അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്ട്രോള്‍ നില വര്‍ധിപ്പിക്കുന്നു.
മധുരം കഴിക്കുമ്പോള്‍ താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പഞ്ചസാരയുടെ അമിത ഉപഭോഗം ചര്‍മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷന്‍ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകള്‍ക്കും തൂങ്ങലിനും കാരണമാകും. ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു.