തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തോടെ നടക്കുമെന്ന് സൂചന. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ഈ വർഷം കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാൻ ഉള്ളത്. തെരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ ചർച്ച നടത്തി.
അതേപോലെ അടുത്തമാസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം കേരളം സന്ദർശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുക. ഇതിനിടെ തെരഞ്ഞെടുപ്പിൽ മൂന്നാമൂഴം ഉറപ്പാക്കാൻ സിപിഎം തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി. എംഎൽഎമാർക്കും, മന്ത്രിമാർക്കും നിശ്ചയിച്ച ടേം വ്യവസ്ഥയിൽ ഇളവ് നൽകാനാണ് നീക്കം.
ഇതോടെ കെകെ ശൈലജയും, വീണാ ജോർജും, ടിപി രാമകൃഷ്ണനും വീണ്ടും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് തന്നെ ജനവിധി തേടും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരും. ഭരണ തുടർച്ച ലക്ഷ്യമിടുന്ന സിപിഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കൾക്ക് വീണ്ടും മത്സരിക്കാൻ അവസരം ഒരുക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികൾ ചേർന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോർട്ടിങ്ങിലേക്ക് സിപിഎം കടക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റിയിലേക്ക് ടേം വ്യവസ്ഥ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടി കടക്കുക.
















































