തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നിൽ നടത്തിയ ആശ പ്രവർത്തകരുടെ സമരത്തിൽ പോലീസുമായി ഉന്തും തള്ളും. വേതന വർധന ആവശ്യപ്പെട്ട് ആശാപ്രവർത്തകർ എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിൻറെ തുടർച്ചയായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്.
നാല് മണിക്കൂറോളം നീണ്ടുനിന്ന സമരത്തിൽ നിന്നും യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും എസ് മിനി, എം എ ബിന്ദു, ഗിരിജ, ജിതിക, മീര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ആശ പ്രവർത്തകരുടെ ജനറേറ്റർ, സൗണ്ട് ബോക്‌സ്, മൈക്ക് ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഉന്തും തള്ളിനുമിടയിൽ കന്റോൺമെന്റ് ഇൻസ്‌പെക്ടർ പ്രജീഷ് ശശിക്കും വനിതാ സെല്ലിലെ എഎസ്‌ഐ ഷംലക്കും പരുക്കേറ്റു.
ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ആശ പ്രവർത്തകർ രംഗത്തെത്തി. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണെന്ന് പെോലീസ് വാഹനത്തിൽ കയറ്റിയതെന്ന് ആശ പ്രവർത്തകർ ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും ആശാ പ്രവർത്തക പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്ലിഫ് ഹൗസിന് മുന്നിൽ ആശമാർ മാർച്ച് നടത്തിയത്. പിഎംജി ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പ്രതിഷേധ ദിനം സംഘടിപ്പിക്കാനാണ് ആശമാരുടെ നീക്കം. ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കില്ലെന്നും ആശമാർ വ്യക്തമാക്കി.