ബെംഗളൂരു: രണ്ടു വിദ്യാർഥികളുടെ ഭാവനയിൽ മാത്രം വിരിഞ്ഞ ഇല്ലാത്തെ പ്രതികൾക്കായി എസ്പി അടക്കമുള്ള പോലീസുകാർ ഓടിയത് മണിക്കൂറുകൾ. സംഭവം ഇങ്ങനെ:
ഡിംസബർ 31-ന് ചിത്രദുർഗ എസ്പി രഞ്ജിത്ത് കുമാർ ബെണ്ടാരുവിനൊരു ഫോൺ, ചിത്രദുർഗ അബ്ബിനഹള്ളി ഗ്രാമത്തിലെ 11 വയസുകാരായ രണ്ട് വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. അവരുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നുമായിരുന്നു ആ ഫോൺ കോൾ. വിവരമറിഞ്ഞതോടെ എസ്പിയുടെ നേതൃത്വത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു.
ഡിസംബർ 31ന് രാവിലെ പത്ത് മണിയോടെ വിദ്യാർഥികൾ വീട്ടിൽ തിരിച്ചെത്തിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. സാധാരണ രാവിലെ 6.30-ന് ധർമുത്രയിൽ നിന്ന് ബസിൽ കയറി ട്യൂഷൻക്ലാസ് കഴിഞ്ഞശേഷം 9.30 ഓടെയാണ് കുട്ടികൾ സ്‌കൂളിലേക്കെത്തുക. വൈകീട്ട് തിരിച്ചെത്തുകയും ചെയ്യും. അന്നേദിവസം നേരത്തെ വീട്ടിൽ തിരിച്ചെത്തിയതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് തങ്ങളെ ചിലർ ‘തട്ടിക്കൊണ്ടുപോയ’ കഥ ഇവർ വീട്ടുകാരോട് വിവരിക്കുന്നത്.
മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
തങ്ങൾ സ്‌കൂളിലേക്ക് പോകുംവഴി വെള്ള മാരുതി ഒമ്‌നി വാനിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തങ്ങളെ ബലമായി വാനിൽ കയറ്റിക്കൊണ്ട് പോയി, കൂടാതെ മുഖത്ത് മയങ്ങിപ്പോകാനുള്ള മരുന്ന് സ്‌പ്രേചെയ്‌തെന്നും ഇവർ വീട്ടുകാരോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ തങ്ങൾ ഉദ്ദേശിച്ച കുട്ടികളെല്ല ഇവരല്ലെന്ന് സംഘം പറയുന്നത് കേട്ടെന്നും പിന്നീട് വഴിയരികിൽ ഇറക്കിവിടുകയായിരുന്നുവെന്നുമായിരുന്നു കുട്ടികളുടെ കഥ.
ഇതോടെ രക്ഷിതാക്കൾ പോലീസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാത്രമല്ല കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊന്നും പോലീസിന് സംശയം തോന്നിയതുമില്ല. ഇതോടെ കുട്ടികൾ പറഞ്ഞ കഥ ഏറ്റു.
തുടർന്ന് ഇരുവരും പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവിയടക്കം അരിച്ചുപെറുക്കി പരിശോധിച്ചു. എന്നാൽ കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. മാത്രമല്ല, പരിസരവാസികളോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓമ്‌നി വാൻ വന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. തുടർന്ന് സ്‌കൂൾ അധ്യാപികയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പോലീസിന് കാര്യം കത്തിയത്. ഇതോടെ വിദ്യാർഥികളെ പ്രത്യേകമായി വിളിച്ച് പോലീസ് കാര്യങ്ങൾ ചോദിച്ചു. സത്യം പറഞ്ഞാൽ ശിക്ഷിക്കില്ലെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് കുട്ടികൾ ഹോവർക്കിന്റെ കാര്യം പറയുകയായിരുന്നു.
നേരത്തെ കുട്ടികൾക്ക് ക്ലാസിൽ ഹോംവർക്ക് നൽകിയിരുന്നു. എന്നാൽ, രണ്ട് പേരും അത് പൂർത്തിയാക്കിയിരുന്നില്ല. ഹോംവർക്ക് ചെയ്തില്ലെങ്കിൽ ശിക്ഷകിട്ടുമെന്നും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിക്കുമെന്നും കുട്ടികൾക്ക് അറിയാമായിരുന്നു. ഇതോടെയാണ് തട്ടിക്കൊണ്ടുപോകൽ കഥയുണ്ടാക്കാൻ ഇവർ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് കുട്ടികൾക്ക് ഈ ആശയം കിട്ടിയതെന്നും പോലീസ് പറഞ്ഞു.