പോരാട്ടത്തിനൊരുങ്ങി വീണ്ടും അൻവർ…!! പിണറായി വിജയനും സിപിഎമ്മിനും എതിരേ ആഞ്ഞടിച്ചു…!!! പലരും ഭയപ്പെട്ടാണ് സിപിഎമ്മിൽ തുടരുന്നത്… യുഡിഎഫ് അധികാരത്തിൽ വരണം.. ഞാൻ പിന്നിലുണ്ടാകുമെന്നും അൻവർ….

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എൽഡിഎഫിലും തുടരുന്നതെന്നു പറഞ്ഞ അൻവർ, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. മറ്റു യുഡിഎഫ് നേതാക്കളെയും കാണാൻ ശ്രമിക്കും. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നിൽക്കില്ലെന്നും സാമൂഹ്യതിന്മയ്ക്കെതിരെ പോരാടുക എന്നതാണ് ഉത്തരവാദിത്തമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മറുപടി.

‘‘യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കണം. ഞാൻ യുഡിഎഫിനു പിന്നിലുണ്ടാകും. എംഎൽഎ സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എൽഡിഎഫിലും തുടരുന്നത്. അവരെ യുഡിഎഫ് എങ്കിലും എടുക്കേണ്ടതല്ലേ? ഞാൻ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടത്. ഇതുവരെ എന്റെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാൽ സിപിഎം വിടാൻ ആഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്.

എന്നെ മുന്നണിയിൽ എടുക്കണോയെന്നു യുഡിഎഫാണു തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനിൽക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങൾക്കു വേണ്ടിയാണ്. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നിൽക്കില്ല. സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോൾ ‘ഞാൻ പണ്ട് അതു പറഞ്ഞല്ലോ’ എന്ന വടിയും പിടിച്ചല്ല നിൽക്കേണ്ടത്. സാമൂഹ്യതിന്മയ്ക്കെതിരെ പോരാടുക എന്നതാണു പൊതുപ്രവർത്തകന്റെ ഉത്തരവാദിത്തം യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഞാൻ എങ്ങോട്ടാണു പോകുന്നതെന്നു നോക്കി ഒട്ടേറപ്പേർ കാത്തുനിൽക്കുന്നുണ്ട്. ഞാൻ പോകുന്ന തോണിയിൽ ആളുകൾ കയറണമെങ്കിൽ, യുഡിഎഫ് നേതൃത്വം സംരക്ഷണകവചം ഒരുക്കണം.

ആർഎസ്എസുമായി ബന്ധപ്പെട്ടു ശക്തമായ അധികാരകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാർട്ടികളുടെ പ്രബലരായ നേതാക്കൾ തമ്മിൽ അടുത്ത ബന്ധമാണ്. പിണറായി–ബിജെപി–ആർഎസ്എസ് അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നത്.‌ സിപിഎം ഇനി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണു മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് എൽപ്പിച്ചിരിക്കുന്നത്. എനിക്കു‌ശേഷം പ്രളയം എന്നതാണു മുഖ്യമന്ത്രി പിണറായിയുടെ ചിന്ത. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആർഎസ്എസിന്റെ കൈകളിലാണ്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാ‍ർട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണു പിണറായി. ബംഗാളിൽ സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും.

കേരളത്തിൽ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി വാർത്തയിൽ മാത്രമാണ് ഇവരെപ്പറ്റി കേൾക്കുന്നത്. തൊഴിലാളി സംഘടനകൾ സമരം നടത്തുന്നുണ്ടോ? ആദിവാസി സംഘടനകൾ സമരം നടത്തുന്നുണ്ടോ? എല്ലാ നേതാക്കളെയും ആർഎസ്എസിന്റെ ചരടിൽ കെട്ടിയിരിക്കുകയാണ്. ആർക്കും മിണ്ടാൻ അധികാരമില്ല. അതാണു പിണറായിസം. ആ പിണറായിസം സിപിഎമ്മിന്റെ അടിവേര് തകർക്കും.

മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. വനനിയമ ഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമമുണ്ട്. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാനാണു നീക്കം. വനംമന്ത്രി എന്തു സംഭാവനയാണു കേരളത്തിന് നൽകിയിരിക്കുന്നത്? ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം? കാർബൺ പുറന്തള്ളുന്നതു കുറവുള്ള രാജ്യങ്ങളിലേക്കു കോടിക്കണക്കിനു രൂപയുടെ ഫണ്ട് വരുന്നുണ്ട്. ഈ കാർബൺ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥർ വനംവിസ്തൃതി വർധിപ്പിക്കുന്നത്. ‌എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവർ ഇതിന് ഉത്തരം പറയണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം.’’

ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ സിനിമ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി, രക്ഷകരായി അഗ്നി രക്ഷാസേന, അപകടം ദിലീപ് നായകനായെത്തുന്ന സിനിമയുടെ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ

കർണാടകയിലേക്കുള്ള ബസ്സിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം..!! കോട്ടയം സ്വദേശിനിയുടെ പരാതിയിൽ മലപ്പുറത്തുകാരൻ പിടിയിൽ… അതിക്രമം ഉണ്ടായത് എടപ്പാളിനും കോഴിക്കോടിനും ഇടയിൽവച്ച്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7