കൊല്ലം: അഞ്ചൽ കൊലക്കേസിൽ അവിവാഹിതയായ യുവതിയേയും ഇരട്ടക്കുട്ടികളേയും ഇല്ലാതാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയെന്ന് പ്രതികളുടെ മൊഴി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു.
അമ്മയുടേയും കുഞ്ഞുങ്ങളുടേയും കൊലപാതകം ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷാണ് അവിടെയെത്തി പരിചയപ്പെട്ടത്. അനിൽകുമാറെന്നു പേരുമാറ്റിയായിരുന്നു പരിചയപ്പെട്ടത്. തുടർന്ന് പ്രസവശേഷം ഇവരെ വാടകവീട്ടിലേക്ക് മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെയാണെന്നും ദിബിൽ വെളിപ്പെടുത്തി.
അഞ്ചൽ കൊലപാതകം നടന്ന് 18 വർഷങ്ങൾക്കു ശേഷം കഴിഞ്ഞദിവസമാണ് അമ്മയെയും 17 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ പുതുച്ചേരിയിൽ സിബിഐയുടെ പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം രണ്ടുവർഷം പ്രതികൾ ഇന്ത്യ മുഴുവൻ കറങ്ങി. പിന്നീട് 2008-ലാണ് പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ താമസമാരംഭിച്ചത്. തുടർന്ന് ഇവിടുന്നുതന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിബിഐ ചെന്നൈ യൂണിറ്റാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.
യുവതിയെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തി, ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തഴുത്ത് കൊന്നു, അധ്യാപികമാരെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിതം, അഞ്ചൽ കൊലപാതകത്തിനു ശേഷം പേരുമാറ്റി പ്രതികൾ ഒളിവിൽ കഴിഞ്ഞത് 18 വർഷം, ഒടുവിൽ കുരുക്കിട്ട് പിടികൂടിയത് സിബിഐയുടെ പ്രത്യേക സംഘം
2006 ഫെബ്രുവരി 10-നാണ് അഞ്ചൽ അലയമൺ രജനിവിലാസത്തിൽ രഞ്ജിനിയെയും 17 ദിവസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെയും ഏറത്തെ വാടകവീട്ടിൽ കൊലചെയ്യപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദിവിൽകുമാർ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഗർഭിണിയാക്കി കടന്നുകളഞ്ഞെന്ന് ആരോപിച്ച് രഞ്ജിനി വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ദിവിലിനെ നാട്ടിലെത്തിച്ച് പിതൃത്വ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് വനിതാ കമ്മിഷൻ ഉത്തരവിട്ടെങ്കിലും ദിവിൽകുമാർ ഹാജരായില്ല.
പിന്നീട് പ്രസവത്തിനായി തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലെത്തിയ രഞ്ജിനിയെയും അമ്മയെയും അനിൽകുമാറെന്ന പേരിൽ രാജേഷ് പരിചയപ്പെട്ടു. പ്രസവ ശേഷം വാടകവീടെടുത്ത് അമ്മയേയും കുഞ്ഞുങ്ങളേയും താമസിപ്പിക്കുകയായിരുന്നു. പിന്നീടാണ് രഞ്ജിനിയെ തലയ്ക്ക് ക്ഷതമേറ്റ നിലയിലും കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയത്. രഞ്ജിനിയുടെ അമ്മയുടെ പരാതിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.