തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണു മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ നിർദേശം. ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകാൻ കേന്ദ്രം തീരുമാനിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ ആണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.