പ്രശ്‌നമുണ്ടാക്കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; യുവതീ പ്രവേശനത്തില്‍നിന്ന് പിണറായി പിന്മാറിയോ എന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അദ്ദേഹം 14 ജില്ലകളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ അജണ്ടയില്‍നിന്നു സര്‍ക്കാരും സിപിഐഎമ്മും പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഈ നാടകത്തിലൂടെ സര്‍ക്കാര്‍ എന്ത് നേടി. കോടിക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വികാരത്തെയാണ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണ്. സര്‍ക്കാര്‍ കേസെടുത്ത് പീഡിപ്പിക്കുകയാണ്. നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാക്കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വനിതാ മതില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമാണെന്നെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. തന്നെ പിണറായി കള്ളക്കേസില്‍ കുടുക്കിയതാണ്. ഹൈക്കോടതിക്ക് അത് വ്യക്തമായതുകൊണ്ടാണ് ജാമ്യം അനുവദിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ശബരിമലയിലെ നിരോധനാജ്ഞ നീട്ടാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചു. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തേ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ശനിയാഴ്ച അവസാനിക്കുകയായിരുന്നു.
നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡലമകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും നീക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്.
അതേസമയം, സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാല്‍ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ ബി ജെ പി സംസ്ഥാന ഉപാധ്യാക്ഷന്‍ എസ് ശിവരാജന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. അതിനിടെ സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വെള്ളിയാഴ്ച 76,000 തീര്‍ത്ഥാടകരാണ് മല ചവിട്ടിയത്. ശനി, ഞായര്‍ അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണില്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്. എങ്കിലും സാധാരണ അനുഭവപ്പെടുന്ന തിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല.