നിരോധനം എപ്പോള്‍ മുതല്‍, എങ്ങനെ നടപ്പാക്കും…? വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍…

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികള്‍ തയാറാക്കിയ 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്‌റ്റോര്‍. ആപ് സ്‌റ്റോറിലെ ആപ്പുകളിന്മേല്‍ തീരുമാനമെടുക്കുന്നത് ആപ്പിളും. ഈ കമ്പനികള്‍ക്ക് നിരോധനം സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്നതും അവ്യക്തമാണ്.

എന്നാല്‍ ഐടി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്ലേ സ്‌റ്റോറിനെയും ആപ് സ്‌റ്റോറിനെയും കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ 59 ആപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളില്‍ പലതും നിലവില്‍ ഒട്ടേറെ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നും എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്നും കേന്ദ്ര ഐടി മന്ത്രാലയം രാത്രി വൈകിയും വ്യക്തമാക്കിയിട്ടില്ല.

ആപ് സ്‌റ്റോറുകളില്‍നിന്ന് ഇവ നീക്കം ചെയ്യുമോയെന്നും അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും. എന്നാല്‍ ഇവ രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

14 കോടിയാണ് ‘ലൈക്കീ’ ആപ്പിന്റെ ഡൗണ്‍ലോഡ്. യുസി ബ്രൗസര്‍ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉള്‍പ്പെടെ ലഭ്യമാക്കിയിരുന്നു. വിഡിയോ ഫയലുകള്‍ ഉള്‍പ്പെടെ കൈമാറാനുള്ള ആപ്പായ ഷെയറിറ്റിന് 10 കോടിയിലേറെയായിരുന്നു ഡൗണ്‍ലോഡ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് 59 ആപ്പുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയത്.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഡിജിറ്റല്‍ മേഖലയിലും സാങ്കേതികതയിലും ഏറെ മുന്നേറിയതായി ഐടി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേ സമയംതന്നെ 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും ഡേറ്റാ സുരക്ഷയ്ക്കും നേരെ ഒട്ടേറെ വെല്ലുവിളികളും ഉയരുന്നുണ്ട്. അടുത്തകാലത്ത് അതു രാജ്യസുരക്ഷയെയും അഖണ്ഡതയെയും വരെ ബാധിക്കുംവിധം ശക്തമായി.

ഉപയോക്താക്കളുടെ ഡേറ്റ മോഷ്ടിക്കുന്ന ആപ്പുകളെപ്പറ്റി ഒട്ടേറെ യൂസര്‍മാര്‍ പരാതി നല്‍കിയിരുന്നു. ചില കമ്പനികള്‍ ഇന്ത്യയ്ക്കു പുറത്തുള്ള സെര്‍വറുകളിലേക്ക് ഡേറ്റ അനധികൃതമായ മാര്‍ഗങ്ങളിലൂടെ കടത്തുന്നുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലുള്ള പ്ലേ സ്‌റ്റോറിലും ആപ്പിളിന്റെ ആപ് സ്‌റ്റോറിലും ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡേറ്റ ഇത്തരത്തില്‍ ശേഖരിക്കുന്നത് രാജ്യസുരക്ഷയെ വരെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് നിരോധനമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ രൂപീകരിച്ച ദി ഇന്ത്യന്‍ സൈബര്‍ െ്രെകം കോഓര്‍ഡിനേഷന്‍ സെന്ററും ആഭ്യന്തര മന്ത്രാലയവും ഈ 59 ആപ്പുകള്‍ നിരോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ക്രമസമാധാനനിലയെ പോലും തകര്‍ക്കും വിധമുള്ള പ്രവര്‍ത്തനങ്ങളിലേക്കും ചില ആപ്പുകള്‍ വഴിമരുന്നിട്ടു. ഇതോടൊപ്പം ഡേറ്റ സുരക്ഷ സംബന്ധിച്ചും മന്ത്രാലയത്തിനു കീഴിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് (സിഇആര്‍ടി–ഇന്ത്യ) ഒട്ടേറെ പരാതി ലഭിച്ചിരുന്നു.

ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ചതാണ് സിഇആര്‍ടി. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ഒട്ടേറെ പൊതുപ്രവര്‍ത്തകരും പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍, നോണ്‍–മൊബൈല്‍ ഡിവൈസുകളിലെല്ലാം നിരോധനം വരും. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മൊബൈല്‍–ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ലക്ഷ്യമിട്ടാണു നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യ–ചൈന സംഘര്‍ഷത്തെക്കുറിച്ച് കുറിപ്പില്‍ എവിടെയും വ്യക്തമാക്കിയിട്ടില്ല. ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും നിരോധനം സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം, അഖണ്ഡത, ഐക്യം എന്നിവയ്ക്കു വേണ്ടിയും ജനങ്ങളുടെ ഡേറ്റയും സ്വകാര്യതയും സംരക്ഷിക്കാനുമാണ് 59 ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ സംഭവിക്കുന്നത്…

ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി: ഡിജിറ്റല്‍ യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7