കോവിഡ് വ്യാപനത്തില്‍ നിന്ന് അമേരിക്ക രക്ഷപ്പെടുമോ? ചികിത്സയ്ക്ക് റെംഡെസിവിര്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി

വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്19 രോഗത്തിനു അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ ചില രോഗികള്‍ക്കു രോഗം ഭേദമാകാനുള്ള ദൈര്‍ഘ്യം 15 ദിവസത്തില്‍നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അനുമതി.

ആദ്യമായാണു കോവിഡിനെതിരെ ഒരു മരുന്നിന് ഇത്തരത്തില്‍ ഗുണഫലങ്ങള്‍ പരിശോധനയില്‍ വ്യക്തമാകുന്നത്. തീര്‍ത്തും ശുഭസൂചകമായ അവസ്ഥയാണിതെന്ന് ട്രംപ് പറഞ്ഞു. മരുന്നു വികസിപ്പിച്ച ഗിലെയദ് സയന്‍സിന്റെ സിഇഒ ഡാനിയല്‍ ഒഡേയും ട്രംപിനൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്നു. രോഗികള്‍ക്കു മരുന്നു ലഭിക്കുന്നതിനു യാതൊരു തടസവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഡാനിയല്‍ പറഞ്ഞു. 1.5 മില്യന്‍ ഡോസ് ഗുളികകള്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിനെ റെംഡെസിവിര്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. യുഎസ് അധികൃതര്‍ അനുമതി നല്‍കിയതോടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കു മരുന്നു നല്‍കാന്‍ കഴിയും. നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി ചില രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നുണ്ട്.

ആയിരം പേരെ ഉള്‍പ്പെടുത്തി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന കോവിഡ് രോഗികള്‍ക്കു മരുന്നു പെട്ടെന്ന് ആശ്വാസം നല്‍കുന്നതായി തെളിഞ്ഞുവെന്ന് യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യല്‍ ഡീസീസസ് അറിയിച്ചു. 31% വേഗത്തിലാണ് ചില രോഗികള്‍ രോഗമുക്തി നേടിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത് രോഗം ഭേദമാകുന്ന കാലയളവു കുറയ്ക്കുന്നതില്‍ റെംഡെസിവിറിന് വ്യക്തമായ പങ്കുണ്ടെന്നാണെന്ന് യുഎസിലെ സാംക്രമിക രോഗ വിദഗ്ധന്‍ ആന്തണി ഫൗചി അഭിപ്രായപ്പെട്ടിരുന്നു. ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോളയ്ക്കുള്ള മരുന്നായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്.

ഒരു പതിറ്റാണ്ടു മുന്‍പ് ആഫ്രിക്കയില്‍ പടര്‍ന്ന എബോള വൈറസിനെതിരെയാണ് റെംഡെസിവിര്‍ മരുന്നു വികസിപ്പിച്ചെടുത്തത്. ബ്രോഡ് സ്‌പെക്ട്രം ആന്റി വൈറല്‍ ഡ്രഗ് (ബിഎസ്എ) ആണിത്. വിശാല ശ്രേണിയിലുള്ള വൈറല്‍ പതോജനെ ലക്ഷ്യമിട്ടുള്ള മരുന്നുകളാണ് ബിഎസ്എ എന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. കോവിഡ് രോഗം പരത്തുന്ന സാര്‍സ് കോവ്–2നെ (നോവല്‍ കൊറോണ വൈറസ്) ഫലപ്രദമായി നേരിടാന്‍ റെംഡെസിവിര്‍ മരുന്നിനു കഴിയുമെന്ന് ചൈനീസ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

കോവിഡ്–19 പോസിറ്റീവ് ആയ വ്യക്തിക്ക് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശമനുസരിച്ച് റെംഡെസിവിര്‍ മരുന്നു നല്‍കിയെന്നും 24 മണിക്കൂറിനുള്ളില്‍ നില മെച്ചപ്പെട്ടു തുടങ്ങിയെന്നും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണത്തിലും പറയുന്നു.

”ഒരു ശരീരത്തില്‍ കയറിയാല്‍ വൈറസ് പല തവണ സ്വയം പതിപ്പുകള്‍ ഉണ്ടാക്കും. ഇങ്ങനെയാണ് ഒരാളുടെ ശരീരത്തെ വൈറസ് കീഴ്‌പ്പെടുത്തുന്നത്. പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങും. ഇതാണ് ഗവേഷകര്‍ക്കു വെല്ലുവിളി പകരുന്നത്. ആദ്യമേ കണ്ടെത്തി പരിചരിച്ചില്ലെങ്കില്‍ നില കൈവിട്ടുപോകും. ഇത്തരത്തില്‍ വൈറസ് സ്വയം പകര്‍പ്പെടുക്കുന്നതാണ് റെംഡെസിവിര്‍ തടയുന്നത്.”– ഹൂസ്റ്റണ്‍ മെതേഡിസ്റ്റ് ആശുപത്രി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

യുഎസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ച അഞ്ചാമത്തെ ആശുപത്രിയാണ് ഹൂസ്റ്റണ്‍ മെതേഡിസ്റ്റ്. മാര്‍ച്ച് പകുതി മുതല്‍ ഇത്തരത്തില്‍ രോഗികളെ ചികിത്സിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ അഞ്ചു രോഗികളിലാണ് മരുന്നു പരീക്ഷണം നടത്തിയത്. പിന്നീട് 35 രോഗികളിലായി പരീക്ഷണം.

സാധാരണ രോഗാവസ്ഥയുള്ളവരില്‍ അഞ്ച് ദിവസത്തെയോ 10 ദിവസത്തെയോ റെംഡെസിവിര്‍ ചികിത്സയാണ് നടത്തുന്നത്. ഗുരുതര രോഗമുള്ളവരില്‍ 10 ദിവസത്തെ ചികിത്സയും. വെന്റിലേറ്റര്‍ ഉപയോഗിക്കുന്നവരിലും 10 ദിവസത്തെ ചികിത്സ നടപ്പാക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7