കഷ്ടകാലം വിട്ടൊഴിയാതെ ഋഷഭ് പന്ത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ച. 101 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ ഉപനായകന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം കരകയറ്റുമ്പോഴാണ് പന്തിനെ നിര്‍ഭാഗ്യം പിടികൂടിയത്. പതിവ് ആക്രമണ ശൈലി വിട്ട് പ്രതിരോധത്തിലൂന്നി കളിച്ചുവന്ന പന്ത് രണ്ടാം ദിനം ആദ്യ സെഷനില്‍ റണ്ണൗട്ടാവുകയായിരുന്നു. അതിനു കാരണക്കാരനായതോ, അജിന്‍ക്യ രഹാനെയും! 53 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 19 റണ്‍സെടുത്താണ് പന്ത് ഗ്രൗണ്ട് വിട്ടത് .
ഇന്ത്യന്‍ ഇന്നിങ്‌സിലെ 59–ാം ഓവറിലാണ് സംഭവം. ടിം സൗത്തി എറിഞ്ഞ ഈ ഓവറിലെ രണ്ടാം പന്ത് നേരിട്ടത് അജിന്‍ക്യ രഹാനെ. പന്ത് നേരെ ഓഫ് സൈഡിലേക്കു തട്ടിയിട്ട രഹാനെ സിംഗിളിനായി ഓടി. പന്ത് അജാസ് പട്ടേലിന്റെ കൈകളിലേക്കു നീങ്ങുന്നതു കണ്ട പന്ത് സിംഗിളിന് താല്‍പര്യം കാട്ടിയുമില്ല. പക്ഷേ, കണ്ണുമടച്ച് രഹാനെ ഓടിയതോടെ ഗത്യന്തരമില്ലാതെ പന്തും റണ്ണിനായി ഓടി.
പന്ത് പിടിച്ചെടുത്ത അജാസ് പട്ടേലിന്റെ നേരിട്ടുള്ള ഏറ് വിക്കറ്റ് കീപ്പര്‍ ജെ.ബി. വാട്‌ലിങ്ങിന് പിടിച്ചെടുക്കാനായില്ലെങ്കിലും ആ ഏറില്‍ ബെയില്‍സുകളില്‍ ഒന്ന് ഇളകിവീണു. പന്തിന്റെ നിര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയാന്‍! പന്ത് ബെയിലിളക്കുമ്പോള്‍ ഋഷഭ് പന്ത് ക്രീസിന് അടുത്തെങ്ങുമുണ്ടായിരുന്നില്ല. തിരിഞ്ഞ് അജിന്‍ക്യ രഹാനെയെ ഒന്നുനോക്കി അനിഷ്ടം പ്രകടിപ്പിച്ച് പന്ത് പവലിയനിലേക്കു മടങ്ങി.
ഒരു മത്സരത്തില്‍പ്പോലും കളത്തിലിറങ്ങാനാകാതെ ഒരു മാസത്തിലധികം ബെഞ്ചിലിരുന്ന പന്തിന്റെ ഔട്ടിന് കാരണക്കാരന്‍ രഹാനെയാണെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ പ്രതികരണം. ഇല്ലാത്ത റണ്ണിനോടിയാണ് രഹാനെ പന്തിന്റെ വിക്കറ്റ് ബലികഴിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം, 63 ടെസ്റ്റുകള്‍ നീളുന്ന രാജ്യാന്തര കരിയറില്‍ രഹാനെ സഹതാരത്തിന്റെ റണ്ണൗട്ടിന് കാരണക്കാരനാകുന്നത് ഇതാദ്യമാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കണ്ടെത്തല്‍