‘സൗരവ് ഗാംഗുലി ബിസിസിഐയുടെ മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിച്ചു..ഒന്നും നടന്നില്ലെന്ന് രവി ചൗഹാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് എന്ന നിലയില്‍ ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളെ സൗരവ് ഗാംഗുലി പൂര്‍ണമായി നിരാശപ്പെടുത്തിയെന്ന് വിമര്‍ശം. ഭിന്നശേഷിക്കാരായ താരങ്ങളുടെ സംഘടനയായ ഫിസിക്കലി ചാലഞ്ചഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (പിസിസിഎഐ) സെക്രട്ടറി ജനറല്‍ രവി ചൗഹാനാണ് വിമര്‍ശനമുയര്‍ത്തിയത്. കോവിഡ് വ്യാപനം നിമിത്തം രാജ്യം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ താരങ്ങളെ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം.

‘സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തുമ്പോള്‍ പ്രതീക്ഷകള്‍ വളരെയധികമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖഛായ തന്നെ മാറ്റിയ ഗാംഗുലി ബിസിസിഐയുടെയും മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിച്ചു. ഒടുവില്‍ തങ്ങളുടെ രക്ഷകനായി ഒരാള്‍ എത്തിയിരിക്കുന്നുവെന്ന് ഭിന്നശേഷിക്കാരായ താരങ്ങളും കരുതി. ഭിന്നശേഷിക്കാരായ താരങ്ങളുമായി ഏതാനും തവണ ഗാംഗുലി കൂടിക്കാഴ്ച നടത്തുകകൂടി ചെയ്തതോടെ പ്രതീക്ഷയേറി. പക്ഷേ, വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം’ പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൗഹാന്‍ ആരോപിച്ചു.

‘പ്രതീക്ഷകളെല്ലാം നിരാശകളായി മാറി. ഭിന്നശേഷിക്കാരായ താരങ്ങളില്‍ ഒട്ടേറെപ്പേര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഈ ലോക്ഡൗണ്‍ കാലത്ത് കൂലിപ്പണിക്ക് പോകുന്നതായി വാര്‍ത്തകളില്‍ നാം കണ്ടു. ഇവിടുത്തെ സര്‍ക്കാരും ബിസിസിഐയും ഭിന്നശേഷിക്കാരായ താരങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്’ പ്രസ്താവനയില്‍ പറയുന്നു.

‘രാജ്യാന്തര തലത്തില്‍ എന്തെങ്കിലും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഭിന്നശേഷിക്കാരായ താരങ്ങളെക്കുറിച്ച് മുഴുനീളെ എഴുതുന്നതും അവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുന്നതും സഹതാപമുറ്റുന്ന കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതും ഒരു ഫാഷനായി മാറിയിട്ടുണ്ട്. പക്ഷേ, അവരുടെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് ആര്‍ക്കാണ് ഉത്കണ്ഠ?’ ചൗഹാന്‍ ചോദിക്കുന്നു.

ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമത്തിനായി ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പോലും ചെയ്യാന്‍ ബിസിസിഐ ഇനിയും തയാറായിട്ടില്ലെന്ന് ചൗഹാന്‍ ആരോപിച്ചു. വാര്‍ത്തകളില്‍ ഇടം നേടാനായി ചില വ്യക്തികള്‍ക്ക് മാത്രം ചെറിയ സഹായം എത്തിക്കുന്നത് ശാശ്വത പരിഹാരമല്ല. അവരുടെ ജീവിതത്തിന്റെ ദുരവസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കുമെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ പ്രശ്‌നം കണ്ടെത്തി അത് പരിഹരിക്കാന്‍ ആരും തയാറല്ല’ ചൗഹാന്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7