കൊറോണ മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍; 42,000 വൈറസ് ബാധിതര്‍

ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേര്‍ തിങ്കളാഴ്ച ആശുപത്രി വിട്ടു.

2003ല്‍ ചൈനയുള്‍പ്പെടെ 20ലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാര്‍സ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയില്‍ പുതിയ കേസുകള്‍ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.

അതേസമയം കേരളത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട് സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാര്‍ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവ്. തൃശൂരിലെ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിലും ഫലം നെഗറ്റീവ് ആയാല്‍ പെണ്‍കുട്ടി ആശുപത്രിവിടും.

ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെയും ഫലം നെഗറ്റീവാണെന്നാണു സൂചനയെങ്കിലും പുണെയില്‍ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ അധികൃതര്‍ സ്ഥിരീകരിക്കൂ. ഏഴാം തീയതി ചൈനയിലെ കുമ്മിങ്ങില്‍ നിന്ന് കൊച്ചിയിലെത്തിയ 15 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്തു 3367 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംശയാസ്പദമായവരുടെ 364 സാംപിളുകള്‍ പരിശോധിച്ചതില്‍ 337 ഫലങ്ങളും രോഗമില്ലെന്നാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7