ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. അര്‍ധസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇടറിവീണ് പൃഥ്വി ഷായും. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (40), ലോകേഷ് രാഹുല്‍ (28) എന്നിവര്‍ ക്രീസില്‍. 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സെടുത്ത് പൃഥ്വി ഷാ റണ്ണൗട്ടായി.
മായങ്ക് അഗര്‍വാള്‍ (മൂന്നു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (12 പന്തില്‍ ഒന്‍പത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. അഗര്‍വാളിനെ കൈല്‍ ജാമിസനും കോലിയെ ഹാമിഷ് ബെന്നറ്റും പുറത്താക്കി.
പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന ഭീഷണിയുടെ വക്കില്‍നിന്ന് ന്യൂസീലന്‍ഡിനെ നേരിടുന്ന ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ മോഹിപ്പിച്ച പൃഥ്വി ഷാ മായങ്ക് അഗര്‍വാള്‍ സഖ്യം ഇക്കുറി രണ്ടക്കം കടക്കും മുന്‍പേ പിരിഞ്ഞു. സ്‌കോര്‍ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മായങ്ക് അഗര്‍വാള്‍ മൂന്നു പന്തു മാത്രം നേരിട്ട് ഒരു റണ്ണെടുത്ത് പുറത്തായി.
സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലിയും പുറത്തായി. നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുന്ന പതിവു രീതിക്കു പകരം വന്നപാടെ സിക്‌സടിച്ചു തുടങ്ങിയ കോലിയെ ഹാമിഷ് ബെന്നറ്റ് പുറത്താക്കി. കൈല്‍ ജാമിസന്‍ ക്യാച്ചെടുത്തു. പരമ്പരയില്‍ സമ്പൂര്‍ണമായി നിരാശപ്പെടുത്തിയ ഇന്ത്യന്‍ നായകന് 12 പന്തില്‍ ഒരു സിക്‌സ് സഹിതം ഒന്‍പതു റണ്‍സുമായി മടക്കം.
നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ തിരിച്ചെത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ വില്യംസന്‍ പരുക്കുമൂലം കളിച്ചിരുന്നില്ല. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിനു പകരം മനീഷ് പാണ്ഡെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ന്യൂസീലന്‍ഡ് നിരയില്‍ മാര്‍ക് ചാപ്മാന്‍, ടോം ബ്ലണ്ടല്‍ എന്നിവര്‍ക്കു പകരം വില്യംസനും മിച്ചല്‍ സാന്റ്‌നറും ടീമില്‍ തിരിച്ചെത്തി.