വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കൊച്ചി: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 28-ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോതിലോ മിതമായോ മഴലഭിക്കും.

ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇത് കരയിലേക്കുകടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘ലെക്കീമ’ ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തില്‍ മഴ പെയ്യാന്‍ അനുകൂലമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്ത് 28-ന് വീണ്ടുമൊരു ന്യൂനമര്‍ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്തിലും കേരളത്തില്‍ മഴ തുടര്‍ന്നേക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7